കഴിവിനൊത്തുള്ള പ്രകടനം അവന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല, അത് എന്നെ നിരാശപ്പെടുത്തുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ തങ്ങളുടെ ഐപിഎൽ 2024 ലെ പഞ്ചാബ് കിംഗ്‌സിനെതിരായ (പിബികെഎസ്) പോരാട്ടത്തിലേക്ക് ഇന്ന് ഇറങ്ങുന്നതിന് മുമ്പ് ഈ സീസണിൽ ഇതുവരെ തന്റെ യഥാർത്ഥ മികവിലേക്ക് എത്തിയിട്ടില്ലെന്ന് പറയുകയാണ് ആകാശ് ചോപ്ര. വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് പഞ്ചാബിനെ നേരിടും. മൂന്ന് കളികളിൽ രണ്ടെണ്ണം ജയിച്ച ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്, അവർ ഇന്ന് പഞ്ചാബിനെ തോൽപ്പിച്ചാൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ കയറും.

തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, വ്യാഴാഴ്ചത്തെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആദ്യ ഗുജറാത്ത് ടൈറ്റൻസ് കളിക്കാരനായി ചോപ്ര ഗില്ലിനെ തിരഞ്ഞെടുത്തു.

“നമുക്ക് ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തെക്കുറിച്ചും സംസാരിക്കണം. അഹമ്മദാബാദ് ഗ്രൗണ്ടിനോട് അവനു വലിയ ഇഷ്ടമാണ്. മറ്റൊരു താരവും ആ പിച്ചിനെയും അതിന്റെ സാഹചര്യങ്ങളെയും അത്രക്ക് സ്നേഹിച്ച് കാണില്ല എന്ന് പറയാം. എന്നാൽ ഗിൽ അവന്റെ ഉയർന്ന നിലവാരത്തിൽ ഇതുവരെ ബാറ്റ് ചെയ്തിട്ടില്ല എന്നാണ് തോന്നുന്നത്.”

കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് തന്റെ ഏറ്റവും മികച്ച ഫോമിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

“ചെന്നൈയ്‌ക്കെതിരെയോ മുംബൈയ്‌ക്കെതിരെയോ ഹൈദരാബാദിനെതിരെയോ ആകട്ടെ, ഓരോ തവണയും അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്, പക്ഷേ വലിയ സ്കോർ ഇതുവരെ നേടാൻ സാധിച്ചിട്ടില്ല . അതിനാൽ ശുഭ്‌മാൻ ഗില്ലായിരിക്കും എൻ്റെ ശ്രദ്ധാകേന്ദ്രം. അവൻ നന്നായി തന്നെ ടീമിനെ നയിക്കുന്നുണ്ട്. തൻ്റെ ബൗളർമാരെ നന്നായി ഉപയോഗിക്കുന്നുണ്ട്. അവസാന ഓവർ അടക്കം ആരെയാണ് ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം” ചോപ്ര നിരീക്ഷിച്ചു.

മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 136.36 സ്‌ട്രൈക്ക് റേറ്റിൽ 36 റൺസുമായി 75 റൺസാണ് ഗിൽ നേടിയത്. സായ് സുദർശൻ (127), ഡേവിഡ് മില്ലർ (77) എന്നിവർക്ക് പിന്നിൽ ഫ്രാഞ്ചൈസിയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് അദ്ദേഹം.