ടെസ്റ്റ് ക്രിക്കറ്റിന്റെ ഡൈനാമിക് തന്നെ തിരുത്തി എഴുതപ്പെടുന്നു, ലങ്കയെ വീഴ്ത്തി പാക് പട

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് നാല് വിക്കറ്റ് ജയം. ഗാലെയില്‍ നടന്ന മത്സരത്തില്‍ 342 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഡൈനാമിക് തന്നെ തിരുത്തി എഴുതുന്ന കാഴ്ചയാണ് കാണാനായത്. 160 റണ്‍സുമായി പുറത്താവാതെ നിന്ന ഓപ്പണര്‍ അബ്ദുള്ള ഷെഫീഖാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: ശ്രീലങ്ക 222, 337. പാകിസ്ഥാന്‍ 218, 344.

മത്സരത്തില്‍ ബാബര്‍ അസം (55) അര്‍ദ്ധ സെഞ്ച്വറി നേടി. ഇമാം ഉള്‍ ഹഖ് 35, മുഹമ്മദ് റിസ്വാന്‍ 40 എന്നിങ്ങനെയാണ് മറ്റ് പ്രധാന പ്രകടനങ്ങള്‍. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ മുന്നിലെത്തി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 222ന് പുറത്തായിരുന്നു. 76 റണ്‍സ് നേടിയ ദിനേശ് ചാണ്ഡിമല്‍ തന്നെയായിരുന്നു ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദിയാണ് ആതിഥേയര്‍ തകര്‍ത്തത്. എന്നാല്‍ ഒന്നാം ഇന്നിംഗ്സില്‍ നാല് റണ്‍സിന്റെ ലീഡ് നേടാന്‍ ലങ്കയ്ക്കായി.

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 218ന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരുഘട്ടത്തില്‍ തകര്‍ന്ന പാകിസ്ഥാനെ ബാബര്‍ അസമാണ് (119) വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ജയസൂര്യ അഞ്ച് വിക്കറ്റ് നേടിയിരുന്നു. പാകിസ്ഥാന്റെ ഈ ജയത്തോടെ ടെസ്റ്റില്‍ നാലാം ഇന്നിംഗ്‌സില്‍ വലിയ ടോട്ടലുകള്‍ അനായാസമായി ചെയ്‌സ് ചെയ്യപ്പെടുന്നത് തുടര്‍ക്കഥ ആയിരിക്കുകയാണ്.