ലക്ഷ്യം പൊന്നിന്‍ തിളക്കം; മനസ്സ് തുറന്ന് സ്മൃതി മന്ദാന

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. ഇതൊരു പുതിയ അനുഭവമാണെന്നും സ്വര്‍ണ്ണം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും സ്മൃതി പറഞ്ഞു.

‘കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കളിച്ച് ഞങ്ങള്‍ക്ക് പരിചയമില്ല. അവിടെ ഞങ്ങള്‍ സ്വര്‍ണ മെഡല്‍ നേടാന്‍ ശ്രമിക്കും. വേദികളില്‍ ട്രോഫി ഉയര്‍ത്തുന്നതിനെ പറ്റി ഞങ്ങള്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്. ഇനി കോമണ്‍വെല്‍ത്തില്‍ ഗോള്‍ഡ് മെഡല്‍ നേടുന്നത് സങ്കല്‍പ്പിക്കണം അത് തീര്‍ച്ചയായും പുതിയ കാര്യമാണ്.’

‘ഒളിമ്പിക്‌സില്‍ നീരജ് ചോപ്രയ്ക്ക് ഗോള്‍ഡ് മെഡല്‍ ലഭിച്ചപ്പോള്‍ വളരെയികം അഭിമാനം തോന്നിയിരുന്നു. ഇപ്പോള്‍ അത്തരത്തിലൊരു അവസരം ഞങ്ങള്‍ക്കും ലഭിച്ചിരിക്കുകയാണ്’ സ്മൃതി മന്ദാന പറഞ്ഞു.

1998 ന് ശേഷം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മടങ്ങിയെത്തുന്നത്. ഇതിന് മുന്‍പ് 1998 ല്‍ മലേഷ്യയില്‍ നടന്ന ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടീം പങ്കെടുത്തിരുന്നു. സച്ചിനും അജയ് ജഡേജയുമടക്കമുള്ള താരങ്ങള്‍ അന്നത്തെ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപെടുത്തി ദക്ഷിണാഫ്രിക്കയാണ് അന്ന് ഗോള്‍ഡ് മെഡല്‍ നേടിയത്.