ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാനിരമ്പിയെത്തിയ ആരാധകരുടെ പ്രതീക്ഷകള്‍ സഫലമാക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍ ആരാധക പിന്തുണയെ പ്രശംസിച്ചു.
പന്ത് അവരുടെ കയ്യില്‍ ആയിരുന്നപ്പോള്‍ വീണ്ടെടുക്കല്‍ വളരെ പ്രയാസകരമായിരുന്നു. അതിനാല്‍ ആദ്യ പകുതി ഞങ്ങള്‍ക്ക് കഠിനമായിരുന്നു. ആദ്യ പകുതിക്ക് ശേഷം ഞങ്ങള്‍ നിയന്ത്രണം ഏറ്റെടുത്തു. ഞങ്ങള്‍ക്ക് പന്തില്‍ കൂടുതല്‍ നിയന്ത്രണം ലഭിച്ചു. അതിലൂടെ ഞങ്ങള്‍ ലൂണയിലൂടെ ഒരു അവിസ്മരണീയ ഗോള്‍ നേടി.
ഏകപക്ഷീയമായ ആ ഒരു ഗോള്‍ നേടിത്തന്ന വിജയത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ആരാധകരുടെ പിന്തുണ അത്ഭുതകരമായിരുന്നു. ക്ലബ്ബും കളിക്കാരും ആ പിന്തുണയെ സ്‌നേഹിക്കുന്നു. അവരും ഗോള്‍ നേട്ടത്തില്‍ ഞങ്ങളെ സഹായിക്കുന്നു- ഫ്രാങ്ക് ഡോവന്‍ കൂട്ടിച്ചേര്‍ത്തു.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് വിജയ ഗോള്‍ പിറന്നത്. ദിമിട്രിയോസ് ഡയമന്റകോസിന്റെ അസിസ്റ്റില്‍ അഡ്രിയാന്‍ ലൂണ ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് താഴെ ഇടത് മൂലയിലേക്ക് പായിച്ച വലത് കാല്‍ ഷോട്ട് വല തുളക്കുകയായിരുന്നു. ഇതോടുകൂടി ലൂണ കേരളാ ബ്ലാസ്റ്റേഴ്‌സിനായി നേടിയ ഗോളുകളുടെ എണ്ണം പന്ത്രണ്ടായി.
Read more
ഈ സീസണിലെ രണ്ടു മത്സരങ്ങളിലും ലൂണ ഗോള്‍ നേടി. മലയാളി താരം സികെ വിനീത് ബ്ലാസ്റ്റേഴ്‌സിനായി നേടിയ ഗോള്‍ നേട്ടം ഇന്നത്തെ ഗോളോടുകൂടി ലൂണ മറികടന്നു.