രാഹുല്‍ ദ്രാവിഡിനെ നിലനിര്‍ത്തിയ തീരുമാനം; പ്രതികരിച്ച് ഗൗതം ഗംഭീര്‍

ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യന്‍ ടീമിന് കിരീടത്തിന് ഒരടി അകലെ കാലിടറി. പക്ഷേ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യയുടെ പ്രകടനം പ്രശംസനീയമാണ്. ഏകദിന ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡിന്റെയും കൂട്ടരുടെയും കാലാവധി അവസാനിച്ചിരുന്നു. ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ആരു ഏറ്റെടുക്കുമെന്ന ചര്‍ച്ചയായിരുന്നു. എന്നാല്‍, ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ പുതുക്കിയതായി പ്രഖ്യാപിച്ചതോടെ ഈ ചര്‍ച്ചകള്‍ അവസാനിച്ചു.

ഭാവിയിലും രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി പ്രവര്‍ത്തിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇതേക്കുറിച്ച് സംസാരിച്ച മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചു. ടി20 ലോകകപ്പ് ആസന്നമായിരിക്കെ രാഹുല്‍ പരിശീലകനായി തുടരുന്നത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ സപ്പോര്‍ട്ട് സ്റ്റാഫിനെ മാറ്റിയാല്‍ അത് തെറ്റായി പോകുമായിരുന്നുവെന്നും ദ്രാവിഡ് തുടരാമെന്ന് സമ്മതിച്ചത് മികച്ച തീരുമാനമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

പരിശീലകനായി നിലനിര്‍ത്തിയതിന് ശേഷം രാഹുല്‍ ദ്രാവിഡ് പ്രഖ്യാപനത്തിന്ശേഷം പ്രതികരിച്ചു. ”ടീം ഇന്ത്യയ്ക്കൊപ്പമുള്ള കഴിഞ്ഞ രണ്ട് വര്‍ഷം അവിസ്മരണീയമാണ്. ഈ യാത്രയിലുടനീളം ഞങ്ങള്‍ ഒരുമിച്ചാണ് ഉയര്‍ച്ച താഴ്ചകള്‍ കണ്ടത്. ഡ്രസ്സിംഗ് റൂമില്‍ ഞങ്ങള്‍ സ്ഥാപിച്ച സംസ്‌കാരത്തില്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നു. എന്നില്‍ വിശ്വസിച്ചതിന് ബിസിസിഐക്കും ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ നന്ദി പറയുന്നു.

ഈ കാലയളവില്‍ നിങ്ങളുടെ പിന്തുണയ്ക്കു നന്ദി. ഈ വേഷം ഏറ്റെടുത്തതിന് ശേഷം എനിക്ക് വളരെക്കാലം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. എന്റെ കുടുംബത്തിന്റെ ത്യാഗത്തെയും പിന്തുണയെയും ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു. അവരുടെ തിരശ്ശീലയ്ക്ക് പിന്നിലെ പങ്ക് വിലമതിക്കാനാവാത്തതാണ്- ദ്രാവിഡ് പറഞ്ഞു.