ഇന്നലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ക്യാപ്റ്റനായി നിയമിതനായ ശേഷം, ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത്, കളിക്കാരെ നോക്കി അവരുടെ കുറവുകളും കഴിവുകളും തിരിച്ചറിഞ്ഞ് സംസാരിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കഴിവിനെ പ്രശംസിച്ചു. ഡൽഹി ക്യാപിറ്റൽസ് (ഡിസി) താരത്തെ വിട്ടയച്ചതിന് ശേഷം 2025 ലെ ഐപിഎൽ ലേലത്തിൽ 27 കോടി രൂപയുടെ റെക്കോർഡ് വിലയ്ക്ക് പന്തിനെ എൽഎസ്ജി സ്വന്തമാക്കി.
2025 സീസണിന് രണ്ട് മാസം മാത്രം ശേഷിക്കെ, പന്തിനെ തങ്ങളുടെ ക്യാപ്റ്റനായി ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2021, 2022, 2024 വർഷങ്ങളിൽ 27 കാരനായ പന്ത് ഡിസിയെ നയിച്ചു, പന്തിന് കീഴിൽ 43 കളികളിൽ 23ലും ടീം വിജയിച്ചു.
എൽഎസ്‌ജിയുമായുള്ള തൻ്റെ വരാനിരിക്കുന്ന ക്യാപ്റ്റൻസി കാലത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“വളരെ വ്യക്തമായി തന്നെ പറയുകയാണ്. രോഹിത് ഭായിയിൽ നിന്ന്, ഒരു കളിക്കാരനെ എങ്ങനെ പരിപാലിക്കണമെന്ന് ഞാൻ പഠിച്ചു. ഒരു ടീമിനെ നയിക്കാൻ പോകുമ്പോൾ രോഹിത്തിന് നിന്ന് പഠിച്ച പാഠങ്ങൾ എനിക്ക് ഗുണം ചെയ്യും. നമ്മൾ ഒരു താരത്തിന് ആത്മവിശ്വാസം കൊടുത്താൽ അയാൾ നമ്മുടെ ടീമിന് വേണ്ടിയും എന്തും ചെയ്യും.”
അദ്ദേഹം കൂട്ടിച്ചേർത്തു:
“ഞാൻ ഒരുപാട് ക്യാപ്റ്റൻമാരിൽ നിന്നും എൻ്റെ ഒരുപാട് സീനിയർമാരിൽ നിന്നും പഠിച്ചു. നായകനിൽ നിന്ന് മാത്രമല്ല പഠിക്കാനുള്ളത്. കളിയുടെ അനുഭവവും കളിയുടെ എല്ലാ തന്ത്രവും ഉള്ള ഒരുപാട് മുതിർന്ന കളിക്കാർ ഉണ്ട്.”
എന്തായലും പന്ത് എന്ന പുതിയ നായകന്റെ കീഴിൽ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല.