2023 നവംബർ 19 ന് നടന്ന ഏകദിന ലോകകപ്പ് ഇന്ത്യ പരാജയപ്പെട്ടെങ്കിലും ആ ടൂർണമെന്റ് ഫൈനൽ വരെയുള്ള യാത്രയിൽ ഇന്ത്യയെ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു മുഹമ്മദ് ഷമി. എന്തായാലും ആ ഫൈനലിന് ശേഷം ഇതുവരെ ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങാൻ ഷമിക്ക് സാധിച്ചിട്ടില്ല. ഏറെ നാളായി അലട്ടിയ പരിക്കും പിന്നെ ഓപ്പറേഷനുമൊക്കെ കാരണം ആണ് ഷമിക്ക് ഈ കാലയളവിലെ മത്സരങ്ങൾ എല്ലാം നഷ്ടപെട്ടത്.
എന്തായാലും ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലൂടെ ഷമി തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ ആരാധകർ ഹാപ്പിയാണ്. രാജ്യത്തിന് വേണ്ടി കളിക്കാനുള്ള തൻ്റെ വിശപ്പാണ് പുറത്തായ സമയത്തും തന്നെ മുന്നോട്ട് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “എനിക്ക് ആദ്യം തോന്നുന്നത് രാജ്യത്തിന് വേണ്ടി കളിക്കാനുള്ള വിശപ്പ് ഒരിക്കലും അവസാനിക്കരുത് എന്നതാണ്. ആ വിശപ്പ് നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾക്ക് എത്ര തവണ പരിക്കേറ്റാലും നിങ്ങൾ എപ്പോഴും പോരാടും.”
“എത്ര മത്സരങ്ങൾ കളിച്ചാലും അത് കുറവാണെന്ന് തോന്നാറുണ്ട്. കാരണം ഒരിക്കൽ ഞാൻ ക്രിക്കറ്റ് വിട്ടാൽ എനിക്ക് ഇനി ഒരിക്കലും ഈ അവസരം ലഭിച്ചേക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം സംസ്ഥാനത്തിനോ രാജ്യത്തിനോ വേണ്ടി കളിച്ചിട്ടുള്ള ആരും പരിക്കേൽക്കുമ്പോൾ ഒരിക്കലും തളരില്ലെന്നും ഫാസ്റ്റ് ബൗളർ പറഞ്ഞു. “അവരുടെ സംസ്ഥാനത്തേയോ രാജ്യത്തെയോ പ്രതിനിധീകരിക്കുന്ന കളിക്കാർ ഒരു പരുക്കിന് ശേഷം കളി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരിക്കലും സംഭവിച്ചിട്ടില്ല. എപ്പോഴൊക്കെ നമുക്ക് പരിക്കേൽക്കുമ്പോൾ, നമ്മുടെ മനസ്സിലെ ഒരേയൊരു ചിന്ത — നമുക്ക് എപ്പോഴാണ് മടങ്ങാൻ കഴിയുക?” ഷമി കൂട്ടിച്ചേർത്തു.
ടി20 ലോകകപ്പും ബോർഡർ-ഗവാസ്‌കർ ട്രോഫി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഉൾപ്പെടെയുള്ള പ്രധാന അസൈൻമെൻ്റുകൾ നഷ്‌ടമായ ഷമി, പരിക്കുകൾ മറികടക്കുന്നത് ഒരു അത്‌ലറ്റിൻ്റെ യാത്രയുടെ ഭാഗമാണെന്ന് ഊന്നിപ്പറഞ്ഞു. “നിങ്ങൾ കഠിനാധ്വാനികളും പ്രതിബദ്ധതയുള്ളവരുമാണെങ്കിൽ, ഒരു പരിക്കിനും നിങ്ങളെ അധികകാലം അകറ്റി നിർത്താനാവില്ല. തിരിച്ചുവരാൻ നിങ്ങൾ എപ്പോഴും ഒരു വഴി കണ്ടെത്തും. ”