ഗംഭീർ ഭായിയും ടീം മാനേജ്മെന്റും എന്നോട് ആവശ്യപ്പെട്ടത് ആ ഒരു കാര്യമാണ്, അതിനായി ഞാൻ പരിശ്രമിക്കുകയാണ്: ഹർഷിത് റാണ

ബറോഡയിൽ ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചിരുന്നു. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിൽ വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർഷിത് റാണ എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.

മത്സരത്തിൽ മികച്ച ഓൾ റൗണ്ടർ പ്രകടനമാണ് ഹർഷിത് റാണ കാഴ്ച വെച്ചത്. ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ റാണ ബാറ്റിങ്ങിലും നിർണായക സംഭാവന നൽകിയിരുന്നു. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ പതറിയപ്പോൾ 23 പന്തിൽ 29 റൺസ് നേടി റാണ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

‘ടീം മാനേജ്മെന്റ് എന്നെ ഒരു ഓൾറൗണ്ടറായി വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നു. ആ റോളിൽ നന്നായി പ്രവർത്തിക്കുക എന്നതാണ് എന്റെ ജോലി. ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഇറങ്ങി ടീമിനായി സ്ഥിരമായി 30-40 റൺസ് സംഭാവന ചെയ്യാനാണ് താൻ പരിശ്രമിക്കുന്നത്. നെറ്റ്സിൽ പോലും ഞാൻ അതിന് വേണ്ടി പ്രവർത്തിക്കുന്നു. സീനിയർ താരങ്ങൾ നൽകുന്ന ആത്മവിശ്വാസം വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എനിക്ക് റൺസ് നേടാനും കഴിഞ്ഞു’, ഹർഷിത് പറഞ്ഞു.