തിലകിന്റെ ഏകദിനത്തിലേക്ക് പെട്ടെന്നുള്ള സെലക്ഷന്റെ പ്രധാന കാരണം ടാലന്റ് മാത്രമല്ല!

ഫേവറിറ്റിസം ക്രിക്കറ്റ് തുടങ്ങിയ കാലം മുതല്‍ക്കേ ഇന്ത്യയിലുണ്ട്. ക്രിക്കറ്റില്‍ മാത്രമല്ല, എല്ലാ സ്‌പോര്‍ട്ട്‌സ് മേഖലയിലുമുണ്ട്. ക്രിക്കറ്റില്‍ മുന്‍പ് സ്റ്റേറ്റ് / സോണ്‍ അടിസ്ഥാനത്തില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ IPL ടീം ബേസ് ആണ് പ്രധാനം. ഒറ്റനോട്ടത്തില്‍ ഫേവറിറ്റിസം ഒരു തെറ്റല്ല. തങ്ങള്‍ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയ, നിയന്ത്രിക്കാന്‍ കഴിയുന്ന കളിക്കാരെ ഒരു ക്യാപ്റ്റന് തിരഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് ടീമിന് വേണ്ടി മെച്ചപ്പെട്ട റിസല്‍ട്ട് ഉണ്ടാക്കാന്‍ കഴിയും എന്നതാണ് പ്രധാന കാരണം.

അതിന്റെ ഒരു മറുവശം എന്തെന്നാല്‍ ഫേവറിറ്റിസം മൂലം സ്ഥാനം നഷ്ടമാകുന്ന കളിക്കാരന് ബലി നല്‍കേണ്ടി വരുന്നത് ഏകദേശം അയാളുടെ കരിയര്‍ തന്നെയായിരിക്കും. വര്‍ഷം തോറും ഭാവി വാഗ്ദാനങ്ങള്‍ ഉദയം ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ രാജ്യത്തിന് വേണ്ടി കളിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 15-20 പേര്‍ മാത്രമാണ്. അതില്‍ ഫേവറിറ്റസത്തിന്റെ പിന്‍ബലത്തില്‍ കയറികൂടുന്നവര്‍ 5-6 വര്‍ഷം ടീമില്‍ ചിലവഴിച്ചാല്‍ അവര്‍ പുറത്താകുമ്പോളേക്കും അര്‍ഹതപ്പെട്ടവന്റെ കരിയര്‍ ഏജ് ഓവര്‍ എന്ന കാറ്റഗറിയില്‍ പെട്ടിട്ടുണ്ടാകും.

തിലക് വര്‍മ്മ ഭാവിയില്‍ ഇന്ത്യക്ക് വേണ്ടി ഒരു 10 വര്‍ഷമെങ്കിലും കളിക്കാന്‍ സാധ്യതയുള്ള മികച്ച ടാലന്റുള്ള ഒരു കളിക്കാരനാണ്. പക്ഷേ തിലകിന്റെ ഏകദിനത്തിലേക്ക് പെട്ടെന്നുള്ള സെലക്ഷന്റെ പ്രധാന കാരണം പയ്യന്റെ ടാലന്റ് മാത്രമല്ല, ഇന്ത്യയുടെ ഇപ്പോഴത്തെ യുവി, റൈന പ്രോട്ടോടൈപ്പ് കളിക്കാരുടെ അഭാവവും എല്ലാത്തിലുമുപരി മുംബൈ ഇന്ത്യന്‍സ് എന്ന ടാഗും ഉള്ളത് കൊണ്ട് തന്നെയാണ്. സെലക്ഷന്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായതും എഷ്യ കപ്പ് പോലെയൊരു പ്രധാന ടൂര്‍ണ്ണമെന്റിലായതും തിലകിന് മേല്‍ ഒരു എക്‌സ്ട്രാ പ്രഷര്‍ ഉണ്ടാക്കും എന്നത് ഉറപ്പാണ്.

24 ഓളം ഏകദിന മല്‍സരങ്ങള്‍ കഴിഞ്ഞിട്ടും മോശം ശരാശരിയില്‍ കളിക്കുന്ന സൂര്യയുടെയും സെലക്ഷന്റെ പ്രധാന കാരണം T20 പെര്‍ഫോമന്‍സുകള്‍ക്കും മുകളില്‍ മുംബൈ ഇന്ത്യന്‍സ് എന്ന ടാഗ് തന്നെയാണ്. 5-6 പൊസിഷനില്‍ ഇറങ്ങുക, കുറച്ച് ഓവറുകള്‍ ഇംപാക്ട് ഉണ്ടാക്കുന്ന രീതിയില്‍ ബാറ്റ് ചെയ്ത് റണ്‍സ് നേടുക ഇങ്ങനെ സൂര്യക്ക് വേണ്ടി ഡിഫൈന്‍ ചെയ്ത സ്ട്രാറ്റജിയില്‍ സൂര്യയേക്കാള്‍ വളരെ നന്നായി കളിക്കുന്ന ആളെ മാറ്റിയിട്ടാണ് സൂര്യക്ക് വീണ്ടും അവസരം നല്‍കുന്നത് എന്നത് MI എഫക്ടിന്റെ നേര്‍സാക്ഷ്യമാണ്.

ഇതിനെല്ലാത്തിനും ഇടയില്‍ പെട്ട് കരിയര്‍ തീര്‍ന്ന് പോകുന്ന ഒരാള്‍ സഞ്ജു സാംസണാണ് . 12 ഇന്നിങ്‌സുകളിലായി 50+ ശരാശരിയില്‍ 104 സ്‌ട്രൈക് റേറ്റില്‍ ലോവര്‍ മിഡില്‍ ഓഡറില്‍ ഇറങ്ങി ഇന്ത്യന്‍ സ്‌കോറിന് ഒരു ഉണര്‍വ്വ് പകരാന്‍ കഴിഞ്ഞിട്ടുള്ള സഞ്ജുവിന് പകരം തിലകിനേയോ സൂര്യയേയോ ഉള്‍പ്പെടുത്തുന്നതിന് ന്യായങ്ങള്‍ ഒരുപാടുണ്ടെങ്കിലും യാഥാര്‍ഥ്യം ഒന്നേയൊള്ളൂ – ഫേവറിറ്റിസം..

മുന്‍പേ പറഞ്ഞ പോലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് തിലകിനേയും സൂര്യയേയും കളിപ്പിക്കുന്നത് കൊണ്ട് ഇന്ത്യക്ക് കൂടുതല്‍ വിജയങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം ഉണ്ടെങ്കില്‍, ഒരു നല്ല കാര്യമാണ്. പക്ഷേ അതല്ല, പരാജയമാണ് സംഭവിക്കുന്നതെങ്കില്‍ ഇന്ത്യക്ക് മെച്ചപ്പെട്ട സംഭാവന നല്‍കാന്‍ കഴിയുമായിരുന്ന ഒരു കളിക്കാരന്റെ ഇന്ത്യ കരിയര്‍ ആണ് ഫേവറിറ്റിസത്തിലൂടെ അവസാനിക്കപ്പടുന്നത്.

ഏഷ്യ കപ്പില്‍ ട്രാവല്‍ ബാക്ക്അപ്പ് ആയി സഞ്ജു സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത് കൊണ്ട് ട്രാവല്‍ ബാക്ക്അപ്പിന്റെ ആവശ്യം ഇല്ലാതാകുന്നുണ്ട്. അതോട് കൂടെ സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങളും അസ്തമിക്കാതിരിക്കട്ടെ..

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍