ദ്രാവിഡിന്റെ ഉപദേശം സ്വീകരിച്ചത് തിരിച്ചടിയായി, സെവാഗിന് ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടമായി!, വെളിപ്പെടുത്തല്‍

ഇന്നിംഗ്‌സിലെ ആദ്യ ബോള്‍ ബൗണ്ടറി കടത്തുന്ന ഒരു താരമുണ്ടെങ്കില്‍ അത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗായിരിക്കും. ക്രീസില്‍ എത്തുന്ന സെവാഗിന് ആദ്യ ബോളില്‍ തന്നെ ആക്രമിച്ച് കളിച്ചാണ് ശീലം. സെഞ്ച്വറിയോട് അടുക്കുമ്പോഴും താരത്തിന്റെ ഈ ആക്രമ ശൈലിയ്ക്ക് മാറ്റമില്ല. എന്നാല്‍ ഒരിക്കല്‍ കരാഹുല്‍ ദ്രാവിഡിന്റെ ഉപദേശം കേട്ട് സെവാഗ് ഒരിക്കല്‍ ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടമാക്കിയതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

2009ല്‍ മുംബൈയില്‍ നടന്ന ടെസ്റ്റില്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറിയോടടുക്കുകയായിരുന്നു. ആ ദിവസത്തെ ഫൈനല്‍ സെക്ഷനാണ് നടന്നുകൊണ്ടിരുന്നത്. പിറ്റേ ദിവസത്തെ പ്രകടനം മുന്നില്‍ക്കണ്ട രാഹുല്‍ ദ്രാവിഡ് സെവാഗിനോട് വലിയ ഷോട്ടിന് ശ്രമിക്കാതെ വിക്കറ്റ് സൂക്ഷിച്ച് കളിക്കാന്‍ പറഞ്ഞു.

സ്വാഭാവിക ശൈലിയില്‍ വെടിക്കെട്ട് നടത്തുന്ന സെവാഗ് ദ്രാവിഡിന്റെ വാക്കുകേട്ട് വലിയ ഷോട്ടിന് ശ്രമിക്കാതെ പ്രതിരോധത്തിലേക്ക് മാറി. ഇതോടെ വിക്കറ്റും നഷ്ടമായി. മൂന്നാം ദിനം 293 റണ്‍സുമായി സെവാഗ് പുറത്തായി. ദ്രാവിഡിന്റെ ഉപദേശം കേള്‍ക്കാതിരുന്നെങ്കില്‍ അതിവേഗത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സെവാഗിന് സാധിക്കുമായിരുന്നു- ആകാശ് ചോപ്ര പറഞ്ഞു.

Read more

അന്നത്തെ മത്സരത്തില്‍ പ്രതിരോധ ശ്രമത്തില്‍ മുരളീധരന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് സെവാഗ് പുറത്തായത്. 254 പന്തില്‍ 40 ബൗണ്ടറിയും 7 സിക്സും സഹിതമാണ് സെവാഗ് 293 റണ്‍സ് നേടിയത്. ദ്രാവിഡിന്റെ ഉപദേശം വകവയ്ക്കാതിരുന്നെങ്കില്‍ ആ ട്രിപ്പിള്‍ സെഞ്ച്വറി വഴുതി പോകില്ലായിരുന്നു.