T20 World Cup 2026: 'നിലവിലുള്ള ക്രിക്കറ്റ് ക്രമങ്ങളെ വെല്ലുവിളിക്കാനുള്ള അവസരം, ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാകിസ്ഥാൻ ടൂർണമെൻ്റിൽ നിന്നും പിന്മാറണം'

ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വരാനിരിക്കുന്ന ടി20 ലോകകപ്പ് ബഹിഷ്കരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് (പിസിബി) ആവശ്യപ്പെട്ടു മുൻ പാക് നായകൻ റാഷിദ് ലത്തീഫ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചാൽ, ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പുറത്താക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, നിലവിലെ ഷെഡ്യൂളിൽ മാറ്റമുണ്ടാകില്ലെന്നും മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും ബുധനാഴ്ച ഐസിസി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ) പ്രസ്താവനയിറക്കി. ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ബിസിബിക്ക് 24 മണിക്കൂർ സമയമാണ് ഐസിസി നൽകിയിരിക്കുന്നത്.

ഐസിസിയും ബിസിബിയും തമ്മിലുള്ള ഈ തർക്കം തുടരുന്നതിനിടയിലാണ്, നിലവിലെ ക്രിക്കറ്റ് ലോകത്തെ ക്രമങ്ങളെ വെല്ലുവിളിക്കാൻ പറ്റിയ സമയമാണിതെന്നും ലോകകപ്പിൽ നിന്ന് പിന്മാറണമെന്നും ലത്തീഫ് പിസിബിയോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി, പിസിബി ബംഗ്ലാദേശിന് പിന്തുണ നൽകുന്നുണ്ടെന്നും വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ ലോകകപ്പ് തയ്യാറെടുപ്പുകൾ പാകിസ്ഥാൻ നിർത്തിവെച്ചിരിക്കുകയാണെന്നും പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

“ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ലോകകപ്പിന്റെ ആവേശം പകുതിയും ഇല്ലാതാകും. നിലവിലെ ക്രിക്കറ്റ് രീതികളെ വെല്ലുവിളിക്കാനുള്ള മികച്ച അവസരമാണിത്. ഞങ്ങൾ ബംഗ്ലാദേശിനൊപ്പമാണെന്ന് പാകിസ്ഥാൻ പറയണം. ഇതിനായി ശക്തമായ ഒരു തീരുമാനമെടുക്കാനുള്ള ആർജ്ജവം കാണിക്കണം,” ലത്തീഫ് ഒരു യൂട്യൂബ് ചാനലിൽ പറഞ്ഞു.

ബംഗ്ലാദേശിന്റെ ആവശ്യം അംഗീകരിക്കാത്ത ഐസിസിയെ ലത്തീഫ് വിമർശിച്ചു. “ഇന്ത്യയിൽ ബംഗ്ലാദേശി താരങ്ങൾക്ക് അപകടമില്ലെന്നാണ് ഐസിസി പറയുന്നത്. ലോകത്തെ ഒരു ഏജൻസിക്കും ഒരിടത്തും അപകടമില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല. ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ പോലും ആർക്കും അത്തരമൊരു ഗ്യാരണ്ടി നൽകാൻ കഴിയില്ല. ഒരു ടീമിനും ഒന്നും സംഭവിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം,” ലത്തീഫ് പറഞ്ഞു.

“പാകിസ്ഥാന്റെ കൈയ്യിലാണ് ഇപ്പോഴും നിയന്ത്രണമുള്ളത്. ബംഗ്ലാദേശിന്റെ നിലപാട് ശരിയാണ്. ഇതിലും നല്ലൊരു അവസരം പാകിസ്ഥാന് ലഭിക്കാനില്ല. പാകിസ്ഥാൻ കളിച്ചില്ലെങ്കിൽ ലോകകപ്പ് തന്നെ നിലയ്ക്കുന്ന അവസ്ഥയുണ്ടാകും. ഐസിസിയിൽ നിന്ന് വിലക്കുകൾ വരാൻ സാധ്യതയുണ്ട്, എങ്കിലും വെറും വാക്കുകൾ കൊണ്ട് കാര്യമില്ല, ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് പ്രവൃത്തിയിലൂടെ കാണിക്കേണ്ട സമയമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ എട്ട് വേദികളിലായാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ടി20 ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യ, നമീബിയ, നെതർലാൻഡ്‌സ്, യുഎസ്എ എന്നിവർക്കൊപ്പമാണ് പാകിസ്ഥാൻ. ഇംഗ്ലണ്ട്, നേപ്പാൾ, ഇറ്റലി, വെസ്റ്റ് ഇൻഡീസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ്.