ടി20 ലോകകപ്പ് 2024: നിലവിലെ സാഹചര്യത്തില്‍ കിരീട സാധ്യത ഏറ്റവും കൂടുതല്‍ ആര്‍ക്കെന്ന് പറഞ്ഞ് കൈഫ്, ഇന്ത്യയ്ക്ക് ഞെട്ടല്‍

ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പ് വിജയിക്കാന്‍ നിലവില്‍ ഏറ്റവും മുന്‍നിരയിലുള്ള മത്സരാര്‍ത്ഥി അഫ്ഗാനിസ്ഥാന്‍ ടീമാണെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ടീം ഇതിനോടകം മൂന്ന് മത്സരങ്ങള്‍ വിജയിക്കുകയും ആക്രമണാത്മക ക്രിക്കറ്റ് കളിച്ച് സൂപ്പര്‍ 8 ലേക്ക് ഇതിനകം യോഗ്യത നേടുകയും ചെയ്തു. ബാറ്റിംഗില്‍ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും മികച്ച പ്രകടനം നടത്തിയപ്പോള്‍ ഫസല്‍ഹഖ് ഫാറൂഖി മൂന്ന് മത്സരങ്ങളില്‍നിന്ന് 12 വിക്കറ്റ് വീഴ്ത്തി.

അഫ്ഗാനിസ്ഥാന്‍ മികച്ച ഫോമിലാണെന്നും നിശ്ചിത സാഹചര്യങ്ങളില്‍ അവര്‍ തോല്‍പ്പിക്കാന്‍ കടുപ്പമേറിയ ടീമായിരിക്കുമെന്നും കൈഫ് പറഞ്ഞു. ടീം വെസ്റ്റ് ഇന്‍ഡീസില്‍ രണ്ടോ മൂന്നോ ആഴ്ചയിലധികം ചെലവഴിച്ചുവെന്നും ഉപരിതലത്തെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുണ്ടെന്നും അത് ശേഷിക്കുന്ന മത്സരങ്ങളില്‍ അവരെ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

അഫ്ഗാനിസ്ഥാന്‍ മികച്ച ഫോമിലാണ്. അവരുടെ ബോളിംഗ് നിര ഫോമിലാണ്. അവിടെ ഫസല്‍ഹഖ് ഫാറൂഖി അഞ്ച് വിക്കറ്റ് നേട്ടം പോലും നേടിയിട്ടുണ്ട്. റാഷിദ് ഖാന്‍ ഫോമിലാണ്. രണ്ട് ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ എന്നിവരെ കുറിച്ച് പറയുകയാണെങ്കില്‍, അവര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ലോകകപ്പ് നേടാനുള്ള മുന്‍നിര മത്സരാര്‍ത്ഥികള്‍ അഫ്ഗാനിസ്ഥാനാണ്.

അവര്‍ അവരുടെ എല്ലാ മത്സരങ്ങളും ഇവിടെ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നു. അവര്‍ അമേരിക്കയിലേക്ക് പോയിട്ടില്ല. രണ്ടോ മൂന്നോ ആഴ്ച അവിടെ ചിലവഴിക്കുമ്പോള്‍, ഏത് പിച്ചില്‍ എങ്ങനെ ബോള്‍ ചെയ്യണമെന്നും ബാറ്റ് ചെയ്യണമെന്നും അവര്‍ക്ക് കൃത്യമായി അറിയാം. അവര്‍ക്ക് സാഹചര്യങ്ങളെക്കുറിച്ച് ഒരു ധാരണ ലഭിച്ചു, അവരുടെ കളിക്കാര്‍ക്ക് ഫോമും ഉണ്ട്- കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. ജൂണ്‍ 17ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ അവസാന ലീഗ് മത്സരം.