T20 World Cup 2024: 'അദ്ദേഹം ടീമിലുണ്ടാകാൻ അർഹനാണ്': ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് പോണ്ടിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2024 സീസണിലാണ്. എന്നാല്‍ എല്ലാ കണ്ണുകളും അധികം വൈകാതെ കരീബിയന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് നയിക്കപ്പെടും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കണ്ണുവെച്ച് പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ മികവുറ്റ ടീമിനെ ഇറക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശ്രമിക്കുന്നത്.

ബോര്‍ഡ് ഉടന്‍ തന്നെ സെലക്ഷന്‍ പ്രക്രിയ ആരംഭിക്കാനിരിക്കെ, യോഗ്യതയുള്ള ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉള്ളതിനാല്‍, വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് കനത്ത പ്രതിസന്ധി നേരിടേണ്ടിവരും. ഏറെ ചര്‍ച്ചകള്‍ക്കിടയില്‍, ഓസ്ട്രേലിയന്‍ മുന്‍ നായകനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനുമായ റിക്കി പോണ്ടിംഗ് ആരാണ് മികച്ച സ്ഥാനാര്‍ത്ഥി എന്നതിനെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കിട്ടിരിക്കുകയാണ്.

ടി20 ലോകകപ്പിനായി ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് കീപ്പര്‍മാരെയെങ്കിലും ഇറക്കേണ്ടതുണ്ട്. ഋഷഭ് പന്ത്, ധ്രുവ് ജൂറല്‍, ദിനേശ് കാര്‍ത്തിക്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങി നിരവധി താരങ്ങളാണ് ഈ രണ്ടിലേക്ക് മത്സരിക്കുന്നത്. നിരവധി പേരുകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഈ സ്ഥാനത്തേക്ക് ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ പിന്തുണച്ചിരിക്കുകയാണ് റിക്കി പോണ്ടിംഗ്.

ലോകകപ്പ് സ്‌ക്വാഡില്‍ റിഷഭ് ഇന്ത്യന്‍ ടീമില്‍ വേണമെന്നു ഞാന്‍ തീര്‍ച്ചയായും കരുതുന്നു. ഐപിഎല്ലിന്റെ അവസാനം ആവുമ്പോഴേക്കും അവന്‍ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമര്‍ഹിക്കുന്നു. ഐപിഎല്ലില്‍ നേരത്തേയുള്ള ആറു സീസണുകളില്‍ കളിക്കുന്ന അതേ രീതിയിലാണ് റിഷഭ് ഇത്തവണയും കളിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിനു ഒരുപാട് ആഴമുണ്ടെന്നതു നമുക്കു തീര്‍ച്ചയായും അറിയാം. വിക്കറ്റ് കീപ്പര്‍മാരിലേക്കു വന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ വളരെ മികച്ച ഫോമിലാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഇഷാന്‍ കിഷന്‍ നന്നായി കളിച്ചുകൊണ്ടിരിക്കുന്നു. സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍ എന്നിവും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വിക്കറ്റ് കീപ്പിംഗില്‍ ഒരുപാട് ഓപ്ഷനുകളുണ്ട്. പക്ഷെ ഞാനൊരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആഴ്ചയിലെ എല്ലാ ദിവസവും റിഷഭ് പന്ത് ടീമിലുള്‍പ്പെടും- പോണ്ടിങ് വ്യക്തമാക്കി.