ദുൽഖർ മമ്മൂക്കയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴൊക്കെ, എന്റെ അച്ഛൻ കൂടെയില്ലല്ലോ എന്ന സങ്കടം വരും: പൃഥ്വിരാജ്

2002-ൽ രഞ്ജിത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഇരുപത്തിനാലാം വയസിൽ വാസ്തവം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കാനും പൃഥ്വിരാജിന് സാധിച്ചിരുന്നു. ഇന്ന് ആടുജീവിതം എന്ന സിനിമയിലൂടെ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും പൃഥ്വിക്ക് സാധിച്ചു.

ഒരു നടൻ എന്നതിലുപരി പ്രൊഡ്യൂസർ ആയും ഇന്നും ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വി. തന്റെ പതിനഞ്ചാം വയസിലാണ് പൃഥ്വിക്ക് അച്ഛൻ സുകുമാരനെ നഷ്ടമാവുന്നത്. ഏട്ടൻ ഇന്ദ്രജിത്തിന് അന്ന് പതിനെട്ട് വയാസായിരുന്നു പ്രായം. ഇപ്പോഴിതാ അച്ഛൻ കൂടെയില്ലാത്തത്തിന്റെ അവസ്ഥയെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. ദുൽഖർ മമ്മൂട്ടിക്ക് ഓരോ ഗിഫ്റ്റുകൾ നൽകുന്നത് കാണുമ്പോൾ തനിക്ക് അച്ഛനില്ലാത്ത സങ്കടം വരാറുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.

“എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്സസ് എൻജോയ് ചെയ്യാൻ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ദുൽഖർ. മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്പോഴൊക്കെ ദുൽഖർ വല്ലാതെ എൻജോയ് ചെയ്യുന്നുണ്ട്. അതിൽ ദുൽഖർ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതിൽ സങ്കടമുണ്ട്.” എന്നാണ് മുൻപ് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

അതേസമയം ആഗോള കളക്ഷനായി 150 കോടിക്ക് മുകളിലാണ് ആടുജഎവേതാമ ഇതുവരെ സ്വന്തമാക്കിയത്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.