പുടിന്റെ മാസ് ഷോ, മോസ്‌കോ തെരുവുകളില്‍ പിടിച്ചെടുത്ത അമേരിക്കന്‍ -ബ്രിട്ടീഷ് ടാങ്കുകള്‍; കൊടി പോലും മാറ്റാതെ തൂക്കിയെടുത്ത് പ്രദര്‍ശനം

റഷ്യൻ സൈനിക ശക്തിയുടെ പ്രതീകമായി റഷ്യ പിടിച്ചെടുത്ത അമേരിക്കൻ, ബ്രിട്ടീഷ് ടാങ്കുകൾ വ്‌ളാഡിമിർ പുടിൻ മോസ്‌കോയിൽ പ്രദർശിപ്പിക്കുന്നു. ‘ഞങ്ങളുടെ വിജയം അനിവാര്യമാണ്’ എന്നെഴുതിയ ചുവന്ന ബാനറുകളുമായാണ് പ്രദർശനം നടക്കുന്നത്. ഉക്രെയ്നിൽ നിന്ന് പിടിച്ചടക്കിയ വാഹനങ്ങളാണ് പ്രദർശനത്തിന്റെ മുൻ നിരയിലുള്ളത്.

മോസ്കോയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. റഷ്യൻ തലസ്ഥാനത്ത് പ്രദർശിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിൽ, 2015ൽ ഉക്രെയ്‌നിന് ബ്രിട്ടീഷ് നൽകിയെന്ന് കരുതപ്പെടുന്ന കവചിത പേഴ്‌സണൽ കാരിയറായ സാക്സണും ഉൾപ്പെടുന്നു. ഒരു അമേരിക്കൻ ബ്രാഡ്‌ലി ടാങ്ക്, ഒരു സ്വീഡിഷ് CV90, ഫ്രഞ്ച് നിർമ്മിത AMX-10RC കവചിത യുദ്ധ വാഹനം തുടങ്ങിയവയെല്ലാം പ്രദർശിപ്പിക്കുന്നുണ്ട്. ഉക്രെയ്‌നിലെ സംഘർഷത്തിനിടെ പിടിച്ചെടുത്തവയാണ് ഇവയിൽ പലതും.

റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിൻ്റെ മഹത്വവൽക്കരണമാണ് പുടിൻ്റെ ഈ പ്രദർശനത്തിന് പിന്നിലെ ഉദ്ദേശം. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ റഷ്യയുടെ വിജയത്തെ അനുസ്മരിക്കുന്ന വാർഷിക പരിപാടി മെയ് 9 ന് മോസ്കോയിൽ നടക്കുന്നുണ്ട്. റെഡ് സ്ക്വയറിൽ നടക്കുന്ന ഈ വിക്ടറി ഡേ പരേഡിലും പ്രദർശനം ഭാഗമാകും.

കാലങ്ങളായി ഈ ദിവസത്തിൽ പുടിൻ നടത്തുന്ന പ്രസംഗത്തിലൂടെ പാശ്ചാത്യ ശക്തികൾക്കെതിരെയുള്ള റഷ്യയുടെ പോരാട്ടത്തെ മഹത്വവൽക്കരിക്കാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പിടിച്ചടക്കിയ വാഹനങ്ങളുടെ പ്രദർശനം കൂടിയാകുമ്പോൾ ഈ വർഷത്തെ വിക്ടറി ഡേ പരേഡ് റഷ്യൻ സേനയ്ക്ക് കൂടുതൽ ശക്തി പകരുന്നതാവുമെന്നാണ് റിപ്പോർട്ടുകൾ.