'എന്തു കൊണ്ടാണ് അദ്ദേഹം ഒരു നല്ല ബോളറാകുന്നതെന്ന് ഞാന്‍ കണ്ടു'; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സാം കറെന്‍

മൂന്നാം ഏകദിനത്തില്‍ അവസാന ഓവര്‍ ബോള്‍ ചെയ്ത ഇന്ത്യന്‍ പേസര്‍ ടി.നടരാജനെ അഭിന്ദിച്ച് അവസാന നിമിഷം വരെ ഇംഗ്ലണ്ടിന്റെ വിജയത്തിനായി പോരാടിയ സാം കറെന്‍. എന്തു കൊണ്ടാണ് നടരാജന്‍ ഒരു നല്ല ബോളറാകുന്നതെന്ന് ആ ഓവറിലൂടെ താന്‍ കണ്ടുവെന്ന് സാം പറഞ്ഞു. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണമെന്നിരിക്കെ നന്നായി പന്തെറിഞ്ഞ നടരാജന്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സിന്റെ ജയം സമ്മാനിക്കുകയായിരുന്നു.

“ഞങ്ങള്‍ കളി ജയിച്ചില്ല, പക്ഷേ കളിച്ച രീതിയില്‍ സന്തോഷമുണ്ട്. വിജയം തന്നെയാണ് എനിക്കിഷ്ടം. പക്ഷേ ഇതൊരു മികച്ച അനുഭവമാണ്. ഭൂരിഭാഗം പന്തുകളും കളിച്ച് മത്സരം അവസാനം വരെയെത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നടരാജന്‍ അവസാനം നന്നായി പന്തെറിഞ്ഞു, എന്തുകൊണ്ടാണ് അദ്ദേഹം ഒരു നല്ല ബൗളറാകുന്നതെന്ന് കണ്ടു. ഭുവിയും മികച്ച ബോളറാണ്. അതാണ് അദ്ദേഹത്തെ ഞാന്‍ കളിക്കാതെ വിട്ടത്.” മത്സരശേഷം സാം കറെന്‍ പറഞ്ഞു.

Sam Curran

മത്സരത്തില്‍ 83 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത സാം കറന്‍ അവസാന ഓവര്‍ വരെ ഇന്ത്യന്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. ഏഴാം വിക്കറ്റില്‍ മോയിന്‍ അലിക്കൊപ്പം 32 റണ്‍സിന്റെയും എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പം 57 റണ്‍സിന്റെയും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പം 60 റണ്‍സിന്റെയും കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി സാം കറെന്‍ ഇംഗ്ലീഷ് പടയുടെ ഹീറോയായി. ഒപ്പം മത്സരത്തിലെ താരവും.

ms dhoni shades in sam curran during ind vs eng 3rd odi pune - BLOGSPOTE.IN

നിര്‍ണായക മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 322 എടുക്കാനെ സാധിച്ചുള്ളു. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.