ഇന്ത്യയ്ക്ക് വന്‍തിരിച്ചടി; ഫെബ്രുവരി വരെ സൂപ്പര്‍ താരം കളിക്കില്ല

ഫെബ്രുവരി വരെ സൂര്യകുമാര്‍ യാദവ് ഇന്ത്യയ്ക്കായി കളിക്കില്ല. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഏഴാഴ്ചത്തേ വിശ്രമമമാണ് താരത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജോഹന്നാസ്ബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഫീല്‍ഡിംഗിനിടെയാണ് താരത്തിന് പരിക്കറ്റത്.

അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്, അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 ഐ പരമ്പര അദ്ദേഹത്തിന് നഷ്ടമാകും. പുനരധിവാസത്തിനായി അദ്ദേഹം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും- ബിസിസിഐയിലെ ഒരു വൃത്തം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതിന് ശേഷമുള്ള പരിക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ സൂര്യ ”സുഖമാണ്. എനിക്ക് നടക്കാന്‍ കഴിയുന്നുണ്ട്, എല്ലാം ശരിയാണെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ്. എന്നാല്‍ സ്‌കാനിംഗില്‍ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ 4-1ന് ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കി. അടുത്തിടെ അവസാനിച്ച പ്രോട്ടീസിനെതിരായ പരമ്പര 1-1 ന് അവസാനിച്ചു. ഹാര്‍ദിക് പാണ്ഡ്യയും പരിക്കേറ്റ് പുറത്തായതിനാല്‍ അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്ക് പുതിയ നായകനെ ബിസിസിഐ തേടേണ്ടി വരും.