ജിമ്മന്മാർക്ക് നടുവിൽ സഞ്ജു; രസകരമായ കമന്റുമായി സൂര്യകുമാർ, മറുപടിയിൽ സ്കോർ ചെയ്ത് താരം

മലയാളി താരം സഞ്ജു സാംസൺ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് സൂര്യകുമാർ നൽകിയ കമന്റും അതിന് താരം നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സഞ്ജു സാംസണ്‍. അവിടെ നിന്നുള്ള ജിം സെഷനില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് സഞ്ജു ഇന്‍സ്റ്റയിൽ പങ്കുവെച്ചത്.

ഫിറ്റ്‌നസ് ട്രെയിനര്‍മാരും ബോഡി ബില്‍ഡര്‍മാരുമായ റോബര്‍ട്ട് വില്‍മോട്ട്, ഏലി നെവോ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് സഞ്ജു പങ്കുവച്ചത്. ഏറെക്കുറെ അവിടെത്തി, ഇന്നു ഈ ചാംപ്യന്‍മാര്‍ക്കൊപ്പമുള്ള മഹത്തായ സമയമെന്നായിരുന്നു ഫോട്ടോയ്ക്കു അദ്ദേഹം നല്‍കിയ ക്യാപ്ഷന്‍. ഈ പോസ്റ്റിനു താഴെയായിരുന്നു സൂര്യകുമാര്‍ യാദവിന്റെ രസകരമായ കമന്റ്.

ചേട്ടാ, ദയവു ചെയ്ത് അവരെ നല്ലൊരു ഫിസിയോയുടെ അടുത്ത് കൊണ്ടുപോവൂ. വീക്കം കൂടുതലാണ് എന്നായിരുന്നു മസിലിനെക്കുറിച്ചുള്ള സൂര്യയുടെ കമന്റ്. പിന്നാലെ സഞ്ജു ഇതിനോടു പ്രതികരിക്കുകയും ചെയ്തു. ഹഹഹ… ഈ വീക്കം ഫിസിസോയ്ക്കു പരിക്കേല്‍പ്പിച്ചേക്കാം എന്നാണ് പൊട്ടിച്ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പം സഞ്ജു കുറിച്ചത്.

Read more

സഞ്ജുവുമായി വളരെയധികം സൗഹൃദം പുലര്‍ത്തുന്നയാളാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍. അദ്ദേഹം നായകസ്ഥാനമേറ്റെടുത്ത ശേഷം ടീമിലെ സ്ഥിരം സാന്നിധ്യമാണ് സഞ്ജു. ഇന്ത്യ അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും ഓപ്പണറും വിക്കറ്റ് കീപ്പറുമെല്ലാം സഞ്ജുവായിരുന്നു.