അര്‍ഷ്ദീപിനെ ചൂണ്ടി വിറപ്പിച്ച് സൂര്യകുമാര്‍, ബസിനുള്ളില്‍ നാടകീയ രംഗങ്ങള്‍; വീഡിയോ വൈറല്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ 106 റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യന്‍ ടീം 1-1ന് സമനിലയില്‍ അവസാനിപ്പിച്ചു. അതേസമയം, മൂന്നാം ടി20ക്ക് ശേഷം ടീം ഇന്ത്യയുടെ സ്റ്റാന്‍ഡിംഗ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പേസര്‍ അര്‍ഷ്ദീപ് സിംഗിനോട് ദേഷ്യപ്പെട്ടു.

ടീം യാത്ര ചെയ്യുന്ന ബസില്‍ അര്‍ഷ്ദീപിന് നേരെ വിരല്‍ ചൂണ്ടി സൂര്യ ദേഷ്യത്തോടെ എന്തോ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ സൂര്യയുടെ ദേഷ്യത്തിന്റെ കാരണം അറിയില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മൂന്നാം ടി20യില്‍ കിടിലന്‍ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഹീറോയായി. ഇന്ത്യ 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയം കൊയ്ത കളിയില്‍ 100 റണ്‍സ് നേടിയാണ് സ്‌കൈ പുറത്തായത്. 56 ബോളില്‍ ഏഴു ഫോറും എട്ടു സിക്സറുകളുമടക്കമാണിത്.

പ്രോട്ടീസുമായുള്ള ടി20 പരമ്പര സമനിലയിലാക്കിയ ടീം ഇന്ത്യ ഇപ്പോള്‍ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഡിസംബര്‍ 17ന് ജോഹന്നാസ്ബര്‍ഗിലാണ് ആദ്യ ഏകദിനം. ഈ പരമ്പരയില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍.