സൂപ്പര്‍ സോണിക് ഓസീസ്; ബംഗ്ലാദേശിനെ അടിച്ചൊതുക്കി കംഗാരു ജയം

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് ചരിത്രത്തിലെ അതിവേഗ വിജയങ്ങളിലൊന്ന് കുറിച്ച ഓസ്‌ട്രേലിയ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ഗ്രൂപ്പ് വണ്ണില്‍ എട്ട് വിക്കറ്റിനാണ് കംഗാരുക്കള്‍ ബംഗ്ലാദേശിനെ നിലംപരിശാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകള്‍ 15 ഓവറില്‍ വെറും 73 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 6.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം കളഞ്ഞ് 78 റണ്‍സുമായി ഓസീസ് വെന്നിക്കൊടി പാറിച്ചു. ഇതോടെ ഓസ്‌ട്രേലിയ (6 പോയിന്റ്) ദക്ഷിണാഫ്രിക്കയെ (6) റണ്‍റേറ്റില്‍ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കു കയറി. അഞ്ച് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ബംഗ്ലാദേശിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.

സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസ്‌ട്രേലിയ്ക്ക് അനായാസ ജയം ഒരുക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെസല്‍വുഡും രണ്ട് വിക്കറ്റുകളുമായി സാംപയ്ക്ക് മികച്ച പിന്തുണ നല്‍കി. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വമ്പന്‍ അടികള്‍ കാര്യങ്ങള്‍ എളുപ്പമാക്കി. 20 പന്തില്‍ 40 റണ്‍സ് വാരിയ ഫിഞ്ച്, ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ ബൗള്‍ഡാകുമ്പോഴേക്കും ഓസീസ് ജയത്തിന് വളരെ അരികെ എത്തിയിരുന്നു. രണ്ട് ഫോറും നാല് സിക്‌സും ഫിഞ്ചിന്റെ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. ഡേവിഡ് വാര്‍ണറും (18, മൂന്ന് ഫോര്‍) നിര്‍ണായക സംഭാവന നല്‍കി.

ഇരുവരും മടങ്ങിയെങ്കിലും മിച്ചല്‍ മാര്‍ഷിന്റെ (5 പന്തില്‍ 16, രണ്ട് ഫോര്‍, ഒരു സിക്‌സ്) ചെറു വെടിക്കെട്ട് ഓസീസിനെ വിജയലക്ഷ്യം കടത്തി. ഓസ്‌ട്രേലിയ ജയത്തിലെത്തുമ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (0 നോട്ടൗട്ട്) മാര്‍ഷിനൊപ്പം ക്രീസിലുണ്ടായിരുന്നു.

Read more