ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണാന്‍ ഗാംഗുലിയും ജയ് ഷായും ഇംഗ്ലണ്ടിലേക്ക്, മുഖ്യലക്ഷ്യം മറ്റൊന്ന്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണുവാന്‍ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇംഗ്ലണ്ടിലെത്തുമെന്ന് സൂചന. ഫൈനല്‍ കാണുന്നതിനൊപ്പം ഐ.പി.എലിന്റെ അവശേഷിക്കുന്ന സീസണ്‍ നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുമായാണ് ഇരുവരും ഇംഗ്ലണ്ടിലേക്ക് എത്തുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഇംഗ്ലണ്ടില്‍ തന്നെ ഐ.പി.എല്‍ നടത്താനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നതെന്നാണ് വ്യക്തമാകുന്നത്.

ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതിനു ശേഷം ഓഗസ്റ്റിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പ ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സെപ്റ്റംബര്‍ പകുതിയോടെയാണ് അവസാനിക്കുക.

ഈ മാസം 25ന് ഇന്ത്യന്‍ ടീം ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കും. നാട്ടില്‍ എട്ട് ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം ജൂണ്‍ 2നാവും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോവുക. അവിടെയും 10 ദിവസം ക്വാറന്റെയ്ന്‍ നോക്കണം. ഈ ക്വാറന്റൈന്‍ കാലാവധിയില്‍ ഇന്ത്യന്‍ ടീമിന് പരിശീലനവും നടത്താം.