ഓസീസിന്റെ പന്ത് ചുരണ്ടല്‍, കൂടുതല്‍ പേരുകള്‍ പുറത്തു വിടാന്‍ ചിലര്‍ കാത്തിരിക്കുന്നു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവന്നേക്കുമെന്ന് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി ചിലര്‍ക്കെങ്കിലും അറിവുണ്ടായിരിക്കാമെന്നും അവര്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

“പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടും. അത് ചിലപ്പോള്‍ വെളിപ്പെടുത്തലുകളായോ പുസ്തകങ്ങളായോ പുറത്തു വരും. ഈ വിവാദം ഇടയ്ക്കിടെ പൊങ്ങിവരാനുള്ള കാരണം ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെയാണ്.”

“സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം നടത്തി ബാന്‍ക്രോഫ്റ്റ്, സ്മിത്ത്, വാര്‍ണര്‍ എന്നിവരെ ശിക്ഷിച്ചു. എങ്കിലും പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തി ഇതിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തു കൊണ്ടുവരണം. ഇതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ചിലര്‍ക്കെങ്കിലും അറിവുണ്ടായിരിക്കാണം. അറിയാവുന്ന പേരുകള്‍ പുറത്തു വിടാന്‍ ചിലര്‍ അവസരത്തിനായി കാത്തിരിക്കുകയാണ്” ഗില്‍ക്രിസ്റ്റ് പറഞ്ഞു.

Read more

പന്ത് ചുരണ്ടലിനെക്കുറിച്ച് ഓസീസ് ബോളര്‍മാരുള്‍പ്പെടെ പലര്‍ക്കും അന്നു അറിയാമായിരുന്നുവെന്ന ബാന്‍ക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തലാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. പക്ഷെ ആരുടെയും പേര് പരാമര്‍ശിക്കാന്‍ താരം തയ്യാറായില്ല. വെളിപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണം ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെട്ടിട്ടുണ്ട്.