GT VS SRH: നന്നായി കളിക്കുമ്പോള്‍ റണ്ണൗട്ടാവുന്നത് എന്തൊരു ദ്രാവിഡാണ്, അമ്പയറോട് ചൂടായി ഗില്‍, ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനായി ഇന്നത്തെ മത്സരത്തിലും ശ്രദ്ധേയ പ്രകടനമാണ് നായകന്‍ ശുഭ്മാന്‍ ഗില്‍ കാഴ്ചവച്ചത്. സായി സുദര്‍ശനൊപ്പം വെടിക്കെട്ട് തുടക്കമാണ് ടീമിന് ഗില്‍ സമ്മാനിച്ചത്. 38 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. എന്നാല്‍ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ 13ാം ഓവറിന്റെ അവസാനമായിരുന്നു ഗില്ലിന്റെ അപ്രതീക്ഷിത പുറത്താവല്‍. റണ്ണിനായി ഓടവേ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞുനല്‍കിയ പന്തില്‍ ഗില്ലിനെ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്‍ റണ്ണൗട്ടാക്കുകയായിരുന്നു.

എന്നാല്‍ തേര്‍ഡ് അംപയര്‍ ഔട്ട് നല്‍കിയതിന് പിന്നാലെ വളരെ നിരാശനായിട്ടാണ് ഗുജറാത്ത് ക്യാപ്റ്റന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. റിപ്ലെയില്‍ കുറ്റി തെറിക്കുമ്പോള്‍ ഗില്‍ ക്രീസിന് അടുത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് സ്റ്റമ്പിന് വളരെ അടുത്തായതിനാല്‍ ചില ആശയക്കുഴപ്പങ്ങളുണ്ടാവുകയായിരുന്നു. കുറച്ചുനേരം എടുത്തായിരുന്നു ഗില്ലിന്റെ റണ്ണൗട്ടില്‍ ഒരു തീരുമാനം തേര്‍ഡ് അംപയര്‍ എടുത്തത്.

നോട്ടൗട്ട് ആണെന്ന് ഗില്‍ പ്രതീക്ഷിച്ചെങ്കിലും പെട്ടെന്ന് ഔട്ടാണെന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ താരത്തിന് അത് ഉള്‍ക്കൊളളാനായില്ല. തുടര്‍ന്ന് ഡഗൗട്ടില്‍ തിരിച്ചെത്തിയപ്പോഴും ഇതില്‍ രോഷം കൊളളുകയായിരുന്നു ഗുജറാത്ത് താരം. അതേസമയം ആദ്യ ബാറ്റിങ്ങില്‍ 224 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സ് അടിച്ചെടുത്തത്. ഗില്ലിനും സുദര്‍ശനും പുറമെ ജോസ് ബട്‌ലറും ഹൈദരാബാദിനെതിരെ കത്തിക്കയറി. 37 പന്തില്‍ 64 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്.

Read more