ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ ഹൈദാരാബാദിനെതിരെ മികച്ച സ്‌കോറിലേക്ക് മുന്നേറുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. സായി സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. 23 പന്തില്‍ ഒമ്പത് ഫോറുള്‍പ്പെടെയാണ് സായി 48 റണ്‍സ് നേടിയത്. അര്‍ധസെഞ്ച്വറി മിസായെങ്കിലും താരം പുറത്താവുമ്പോള്‍ ഏഴാം ഓവറില്‍ ടീം സ്‌കോര്‍ 87 റണ്‍സില്‍ എത്തിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഒരു ഓവറില്‍ അഞ്ച് ഫോറാണ് സായി സുദര്‍ശന്‍ നേടിയത്.
പവര്‍പ്ലേയില്‍ ഷമി ഏറിഞ്ഞ മൂന്നാം ഓവറിലാണ് സായി സുദര്‍ശന്‍ കത്തിക്കയറിയത്. ആദ്യ രണ്ട് ഓവറില്‍ 16 റണ്‍സ് മാത്രം നേടിയ ജിടി മൂന്നാം ഓവര്‍ കഴിയുമ്പോള്‍ 36 റണ്‍സില്‍ എത്തിയിരുന്നു. ഇന്നത്തെ മത്സരത്തിലെ പ്രകടനത്തിലൂടെ ഓറഞ്ച് ക്യാപ്പും സായി സുദര്‍ശന്‍ തിരികെ പിടിച്ചു. കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് നേടിയ ക്യാപ്പ് ഇന്നത്തെ കളിയില്‍ ഗുജറാത്ത് താരം തിരിച്ചെടുക്കുകയായിരുന്നു.
38 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സ് നേടി നായകന്‍ ശുഭ്മാന്‍ ഗില്ലും ഇന്നത്തെ കളിയില്‍ തിളങ്ങി. മത്സരത്തില്‍ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ റണ്ണൗട്ടായാണ് ഗില്‍ പുറത്തായത്. ഗുജറാത്തിന് വേണ്ടി ജോസ് ബട്‌ലര്‍ ഇന്നത്തെ കളിയിലും അര്‍ധസെഞ്ച്വറി നേടി. 36 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടിയ ശേഷമായിരുന്നു ബട്‌ലറുടെ പുറത്താവല്‍.