കാര്‍ത്തിക്കിന് മുന്നേ അക്സര്‍ പട്ടേലിനെ ഇറക്കിയത് തന്ത്രം; വിശദീകരിച്ച് ശ്രേയസ് അയ്യര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ ദിനേഷ് കാര്‍ത്തിക്കിന് മുന്നേ അക്സര്‍ പട്ടേലിനെ അയക്കാനുള്ള തീരുമാനം വിശദീകരിച്ച് ശ്രേയസ് അയ്യര്‍. ഇത് തന്ത്രപരമായ ഒരു നീക്കമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇന്നിംഗ്സില്‍ ഏഴ് ഓവറില്‍ കൂടുതല്‍ ശേഷിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടമായപ്പോള്‍ ഇന്ത്യക്ക് പിടിച്ച് നില്‍ക്കാന്‍ ഒരാളെ ആവശ്യമായിരുന്നെന്ന് ശ്രേയസ് വിശദീകരിച്ചു.

‘ഞങ്ങള്‍ക്ക് ഏഴ് ഓവര്‍ ബാക്കിയുണ്ടായിരുന്നു. സിംഗിള്‍സ് എടുക്കാനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും കഴിയുന്ന ഒരാളാണ് അക്‌സര്‍. ആ സമയത്ത് ഒരാള്‍ വന്ന് ആദ്യ പന്തില്‍ തന്നെ അടിച്ച് തുടങ്ങണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടില്ല. ഡികെയ്ക്ക് അത് ചെയ്യാന്‍ കഴിയും.’

‘പക്ഷേ 15 ഓവറുകള്‍ക്ക് ശേഷം ഡികെ ഞങ്ങള്‍ക്ക് ഒരു നല്ല ചോയിസാണ്. അവിടെ അദ്ദേഹത്തിന് പന്ത് നേരിട്ട് സ്ലോഗ് ചെയ്യാന്‍ കഴിയും. അയാള്‍ക്ക് പോലും തുടക്കത്തില്‍ ഇത് അല്‍പ്പം ബുദ്ധിമുട്ടായിരുന്നു’ ശ്രേയസ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി തന്നെയായിരുന്നു ഫലം. നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ വെറും 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്.

40 റണ്‍സെടുത്ത ശ്രേയസ് അയ്യരായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് 21 പന്തില്‍ പുറത്താകാതെ 30 റണ്‍സെടുത്തു. കാര്‍ത്തിക്കിന്റെ ഈ പ്രകടനമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 11 ബോളില്‍ 10 റണ്‍സാണ് മത്സരത്തില്‍ അക്സറിന് നേടാനായത്.