ലോകകപ്പിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റിന് ഞെട്ടൽ വാർത്ത, വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർ താരം

ഇംഗ്ലണ്ട് ഇതിഹാസ താരം അലിസ്റ്റർ കുക്ക് പ്രെഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് 2018ൽ തന്നെ വിരമിച്ച കുക്ക് പിന്നെ ക്രിക്കറ്റിൽ അത്ര സജീവം ഒന്നും ആയിരുന്നില്ല. കൗണ്ടി ക്രിക്കറ്റിൽ കുറച്ചുകാലം കൂടി താരത്തിന്റെ മികവ് ക്രിക്കറ്റ് ലോകത്തിന് കാണാനായി. കൗണ്ടിയിൽ എസക്സിനായിട്ടാണ് താരം കളിച്ചരുന്നത്.

താരത്തിന്റെ വിടവാങ്ങൽ കുറിപ്പ് ഇങ്ങനെ:

‘ ഇന്ന് ഞാൻ വിരമിക്കലും ഒരു പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിലുള്ള എന്റെ കരിയറിന്റെ അവസാനവും പ്രഖ്യാപിക്കുകയാണ്. വിടപറയുക ഒട്ടും എളുപ്പമല്ല. 20 വർഷത്തോളമായി ക്രിക്കറ്റ് എന്നത് എന്റെ ജോലി എന്നതിനെക്കാൾ ഉപരി മറ്റെന്തൊക്കെയോ ആയിരുന്നു എനിക്ക്. ഞാൻ ഒരിക്കലും പോകുമെന്ന് സ്വപ്‌നം പോലും കാണാത്തിടത്ത് പോകാനും അവിടെ സമയം ചെലവഴിക്കാനും ക്രിക്കറ്റ് എന്നെ സഹായിച്ചു. ഈ കാലഘട്ടത്തിൽ ഒരുപാട് മികച്ച നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.” കുക്ക് പറഞ്ഞു.

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 12,000 റൺസ് നേടിയ കുക്ക് 2018 അവസാനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റ് കരിയറിൽ 33 സെഞ്ചുറികൾ താരം നേടിയിട്ടുണ്ട്. കൂടാതെ 2009, 2010-11, 2013, 2015 വർഷങ്ങളിലെ ആഷസ് പരമ്പര വിജയങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. ഈ വിജയങ്ങളിൽ എല്ലാം താരം നിർണായകമായ പങ്ക് വഹിച്ചിരുന്നു.

സ്ഥിരതയുടെ പര്യായമായിട്ടാണ് താരം അറിയപ്പെട്ടിരുന്നത്. ലോകോത്തര ബോളറുമാർ പലർക്കും വെല്ലുവിളി ഉയർത്തി ഇംഗ്ലണ്ടിനെ പല മികച്ച വിജയങ്ങളിലേക്ക് താരം നയിച്ചിട്ടുണ്ട്.