ഏകദിന ലോകകപ്പ്: എട്ടിന്റെ പണികൊടുത്ത് ഷക്കീബ്, ബംഗ്ലാദേശ് ടീമില്‍ അപ്രതീക്ഷിത പ്രതിസന്ധി

വരുന്ന ഏകദിന ലോകകപ്പിന് മുമ്പ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഷക്കീബ് അല്‍ ഹസന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. 2023 ലെ ഏഷ്യാ കപ്പിന് മുന്നോടിയായിട്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ഷാക്കിബ് അല്‍ ഹസനെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയത്. കൂടാതെ വരുന്ന ലോകകപ്പിലും ടീമിനെ നയിക്കാന്‍ താരത്തെയാണ് നിയോഗിച്ചിരുന്നത്.

ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഷക്കീബ് ആഗ്രഹിക്കുന്നതിനാല്‍ ബംഗ്ലാദേശിന് ഇത് വലിയ തിരിച്ചടിയുണ്ടാക്കും. ലോകകപ്പില്‍ ടീമിനെ നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാക്കിബ് ദേശീയ ക്രിക്കറ്റ് ഭരണ സമിതിയെ അറിയിച്ചതായി ബിസിബി വൃത്തങ്ങള്‍ ദി ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു.

ഷക്കീബ് ബംഗ്ലദേശ് ഹെഡ് കോച്ച് ചന്ദിക ഹതുരുസിംഗയ്ക്കൊപ്പം ബിസിബി പ്രസിഡന്റ് നസ്മുല്‍ ഹസന്‍ പാപോണിനെ അര്‍ദ്ധരാത്രി അദ്ദേഹത്തിന്റെ വസതിയില്‍ കാണുകയും തന്റെ സാഹചര്യം അറിയിക്കുകയും ചെയ്തു. ബിസിബി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, തന്റെ ടീമില്‍ പകുതി ഫിറ്റായ കളിക്കാരെ ഷാക്കിബിന് ആവശ്യമില്ല. അതാണ് അദ്ദേഹം ബംഗ്ലാദേശിന്റെ ക്യാപ്റ്റനാകാന്‍ ആഗ്രഹിക്കാത്തതിന് പിന്നിലെ ഒരു കാരണം.

Read more

തമീം ഇഖ്ബാല്‍ നടുവേദനയുമായി മല്ലിടുന്നുണ്ടെങ്കിലും ലോകകപ്പിനുള്ള ബംഗ്ലാദേശിന്റെ 15 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ബംഗ്ലാദേശിലെ രണ്ട് മികച്ച ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുള്ള ശീതസമരത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിമിഷങ്ങള്‍ക്കകം ശക്തമാവുകയും ചെയ്തു. ഇതാദ്യമായല്ല ഇവര്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്.