ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: രണ്ടാം സീസണില്‍ അടിമുടി മാറ്റം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ പോയിന്റ് രീതിയില്‍ മാറ്റം. ഒരു ടെസ്റ്റില്‍ ജയിച്ചാല്‍ 12 പോയിന്റാണ് ടീമിന് ലഭിക്കുക. നേരത്തെ ഇത് 120 പോയിന്റ് ആയിരുന്നു ഒരു ടെസ്റ്റ് പരമ്പരയ്ക്ക് നല്‍കിയിരുന്നത്. ഇതിനാണ് ഇപ്പോള്‍ അടിമുടി മാറ്റം

ഇനി മുതല്‍ ഒരു ടെസ്റ്റ് ജയിച്ചാല്‍ 12 പോയിന്റാണ് ടീമിന് ലഭിക്കുക. സമനിലയിലായാല്‍ നാല് പോയിന്റും ടൈ ആയാല്‍ 6 പോയിന്റ് വീതവും ഇരു ടീമുകള്‍ക്കും ലഭിക്കും. പെര്‍സന്റേജ് ഓഫ് പോയിന്റ് സിസ്റ്റത്തിലൂടെയാവും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക.

ഇത്തവണ 19 ടെസ്റ്റുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ട് 21 ഉം ഓസ്ട്രേലിയ 18 ഉം ദക്ഷിണാഫ്രിക്ക 15 ടെസ്റ്റും കളിക്കും. 2022ല്‍ ഓസീസ് ടീം ഇന്ത്യയിലേക്ക് നാല് ടെസ്റ്റുകള്‍ കളിക്കാനെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാല് ടെസ്റ്റുകളുള്ള ഒരേയൊരു പരമ്പരയാണ് ഇത്.

ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയോടെയാണ് ഇന്ത്യയുടെ അടുത്ത സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജില്‍ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്‌സിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയാണ് നാലാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓള്‍ഡ് ട്രാഫോഡിലാണ് വേദിയാവുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണിത്.