സ്നേഹം കൊണ്ട് പറയുകയാണ് ഒരു കാരണവശാലും ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, അത് ചിലപ്പോൾ നിന്റെ ഭാവി തകർക്കും; യുവതാരത്തിന് ഉപദേശവുമായി ധോണി

ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി ശനിയാഴ്ച ശ്രീലങ്കൻ യുവ പേസർ മതീശ പതിരണയ്ക്ക് ഒരു ഉപദേശം നൽകി രംഗത്ത് എത്തിയിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റ് എത്ര വേണമെങ്കിലും കളിക്കുന്ന എന്നാൽ ഒരു കാരണവശാലും ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുതെന്നാണ് ധോണി നൽകുന്ന വിലയേറിയ ഉപദേശം. ബേബി മലിംഗ എന്ന് വിളിക്കപ്പെടുന്ന പതിരണ, തന്റെ ബൗളിംഗ് ആക്ഷൻ കൊണ്ട് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബോളറുമാരിൽ ഒരാളായ മലിംഗയോട് വളരെയധികം സാമ്യത പുലർത്തുന്നു. പതിരണ ഇന്നലെ മുംബൈക്ക് എതിരെ നടന്ന മത്സരത്തിൽ നേടിയത് മൂന്ന് വിക്കറ്റുകളാണ്‌. മികച്ച പ്രകടനത്തിന് ഒടുവിൽ താരത്തെ തേടി മാൻ ഓഫ് ദി മാച്ച് അവാർഡും എത്തി.

പരിക്ക് പറ്റാൻ ഏറെ സാധ്യതയുള്ള ബോളിങ് ആക്ഷൻ ആയതിനാൽ തന്നെ ഇത്തരത്തിൽ മികച്ച ഒരു പ്രതിഭയെ എല്ലാ ഫോര്മാറ്റിലും ഉപയോഗിച്ച് നശിപ്പിക്കരുതെന്ന് ബോർഡിന് ഉപദേശം നൽകി. പ്രത്യേകിച്ച് ടെസ്റ്റ് ഫോർമാറ്റിൽ ഒരു കാരണവശാലും താരത്തെ ഉപയോഗിക്കരുതെന്നാണ് ധോണി നൽകുന്ന മുന്നറിയിപ്പ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

“ഇത്തരത്തിൽ ഉള്ള ബോളറുമാർക്ക് എതിരെ , ബാറ്റ്സ്മാൻമാർക്ക് റൺസ് എടുക്കാൻ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ സ്ഥിരത, പേസ് അതൊക്കെ അവനെ വ്യത്യസ്തനാക്കുന്നു ,” മത്സരത്തിന് ശേഷം ധോണി പറഞ്ഞു.

“എനിക്ക് തോന്നുന്നു അവൻ റെഡ്-ബോൾ ക്രിക്കറ്റ് കളിക്കരുത്, അതിന്റെ അടുത്ത് പോലും എത്തരുത്, ഐസിസി ടൂർണമെന്റുകൾ അദ്ദേഹം കളിക്കട്ടെ. അവൻ ചെറുപ്പമാണ്, ശ്രീലങ്കൻ ക്രിക്കറ്റിന് അവൻ വലിയ മുതൽക്കൂട്ടായിരിക്കും. കഴിഞ്ഞ തവണ വന്നതിനേക്കാൾ അവന്റെ ഫിറ്റ്നസിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, അതെല്ലാം അവന്റെ കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ്.” ധോണി പറയുന്നു.

“ടോസിലെ തീരുമാനത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു, എനിക്ക് ആദ്യം ബാറ്റ് ചെയ്യാൻ താത്പര്യം ആയിരുന്നു. എന്നാൽ ടീം മീറ്റിംഗിൽ എല്ലാവര്ക്കും ബോളിങ് മതിയെന്നാണ് പറഞ്ഞത് .അതുകൊണ്ട് ഞാൻ അത്തരത്തിൽ ഉള്ള തീരുമാനം എടുത്തു.” ധോണി പറഞ്ഞു

മത്സരത്തിലേക്ക് വന്നാൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ചെന്നൈയ്ക്ക് 6 വിക്കറ്റ് ജയമാണ് കിട്ടിയത്. സാധാരണ ചെന്നൈ – മുംബൈ പോരാട്ടങ്ങളിൽ കാണുന്ന ആവേശത്തിന്റെ പകുതി പോലും മത്സരത്ത്തിന് ഉണ്ടായിരുന്നില്ല. ഇന്നലത്തെ ജയം എന്തായാലും ചെന്നൈക്ക് ഗുണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് ,മത്സരങ്ങളിൽ രണ്ടെണ്ണം സ്വന്തം മണ്ണിൽ ആണെന്നുളത്തും അവർക്ക് നേട്ടമാണ്.