സഞ്ജുവിന് ഇനിയും കാത്തിരിക്കണം, പന്തിനെ ഞങ്ങൾ പിന്തുണക്കുന്നത് തുടരും; പന്തിന് പിന്തുണയുമായി ധവാൻ

ഋഷഭ് പന്ത് “മാച്ച് വിന്നർ” ആണെന്നും ടീം മാനേജ്‌മെന്റിന്റെ പൂർണ്ണ പിന്തുണ അർഹിക്കുന്നുണ്ടെന്നും ഇന്ത്യൻ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ശിഖർ ധവാൻ പറഞ്ഞു. തന്റെ അവസരങ്ങൾക്കായി കാത്തിരിക്കാൻ സഞ്ജു സാംസണോട് ധവാൻ ആവശ്യപ്പെട്ടു. ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 219 റൺസിന്‌ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോൾ , 16 പന്തിൽ 10 റൺസെടുത്ത് പന്ത് പുറത്തായിരുന്നു. പിന്നാലെ പന്തിന് വലിയ വിമർശനം ഉയർന്നിരുന്നു.

“മൊത്തത്തിൽ നിങ്ങൾ ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനുണ്ട്. ആരാണ് നിങ്ങളുടെ മാച്ച് വിന്നർ എന്ന കാര്യത്തിലും നിങ്ങൾക്ക് സ്വയം ബോധ്യം വേണം ,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ധവാൻ പറഞ്ഞു.

10, 15, 11, 6, 6, 3, 9, 9, 27 എന്നിങ്ങനെയാണ് രണ്ട് വൈറ്റ് ബോൾ ഫോർമാറ്റുകളിലുമായി പന്തിന്റെ അവസാന ഒമ്പത് ഇന്നിംഗ്‌സുകളിലെ സ്‌കോറുകൾ. മറുവശത്ത്, പരിമിതമായ അവസരങ്ങളിൽ തിളങ്ങിയ സാംസൺ, കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ തിളങ്ങിയിരുന്നു . ഓക്‌ലൻഡിൽ നടന്ന ആദ്യ ഏകദിനത്തിൽ 36 റൺസെടുത്ത ശേഷമാണ് താരം പുറത്തായത്.

സഞ്ജുവിന് പന്തിനെ മറികടന്ന് അവസരം കൊടുക്കണ്ടേ എന്ന് ചോദിച്ചപ്പോൾ “തീർച്ചയായും, സഞ്ജു സാംസൺ തനിക്ക് ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാൽ ചിലപ്പോൾ നിങ്ങളുടെ അവസരങ്ങൾക്കായി നിങ്ങൾ കാത്തിരിക്കേണ്ടി വരും. പന്ത് ഒരുപാട് നല്ല പ്രകടനങ്ങൾ നടത്തിയ താരമാണ്, ആ പന്തിനെ ഇന്ത്യ അവന്റെ മോശം സമയത്ത് ഞങ്ങൾ പിന്തുണക്കും.”