'രാജസ്ഥാന്‍ റോയല്‍സായതു കൊണ്ടാണ് ഇതു സംഭവിച്ചത്'; അശ്വിന്റെ 'നീക്കത്തില്‍' സഞ്ജു

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിന്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി നായകന്‍ സഞ്ജും സാംസണ്‍. ഇതു അശ്വിന്‍ വളരെ പെട്ടെന്നു എടുത്ത ഒരു തീരുമാനമല്ലെന്നും ടീം നേരത്തേ പ്ലാന്‍ ചെയ്തിരുന്ന കാര്യമാണ് ഇതെന്നും സഞ്ജു പറഞ്ഞു.

‘ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. രാജസ്ഥാന്‍ റോയല്‍സായതു കൊണ്ടാണ് ഇതു സംഭവിച്ചത്. ഞങ്ങള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.’

‘ഈ സീസണിനു മുമ്പ് തന്നെ ഞങ്ങള്‍ ഇതേക്കുറിച്ച് കൂടിയാലോചിച്ചിരുന്നു. ഒരു സാഹചര്യം വന്നാല്‍ ഇതുപയോഗിക്കാമെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ഇതു ടീമിന്റെ തീരുമാനമായിരുന്നു’ മത്സര ശേഷം സഞ്ജു വ്യക്തമാക്കി.

വ്യക്തിഗത സ്‌കോര്‍ 28ല്‍ നില്‍ക്കവെയായിരുന്നു അശ്വിന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായ ആദ്യത്തെ താരമായും ഇതോടെ അശ്വിന്‍ മാറി.

റോയല്‍സ് ഇന്നിംഗ്സിലെ 19ാം ഓവറിലെ രണ്ടാമത്തെ ബോളിനു ശേഷമാണ് അശ്വിന്‍ ക്രീസ് വിട്ടത്. തുടര്‍ന്ന് റിയാന്‍ പരാഗ് ക്രീസിലേക്കു വരികയായിരുന്നു.