ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിൽ ഇതിഹാസ താരം എംഎസ് ധോണിയുടെ മികച്ച ബാറ്റിംഗ് റെക്കോർഡ് മറികടക്കാനുള്ള വക്കിലാണ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന പരമ്പരയിൽ 3- 1 ന്റെ ക്ലിനിക്കൽ വിജയം ഉറപ്പിച്ച ഇന്ത്യ, സ്വന്തം മണ്ണിൽ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഇംഗ്ലണ്ടിനെ നേരിടാൻ തയ്യാറെടുക്കുകയാണ്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. അതേസമയം, ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ സഞ്ജു സാംസണിന് എലൈറ്റ് ലിസ്റ്റിൽ എംഎസ് ധോണിയെ മറികടക്കാനുള്ള സുവർണാവസരം ആണ് ഇപ്പോൾ മുന്നിൽ ഉള്ളത്.
വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും ക്ലീൻ സ്ട്രൈക്കർമാരിൽ ഒരാളായാണ് സഞ്ജു സാംസൺ അറിയപ്പെടുന്നത്. രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം, ടി 20 യിൽ പണ്ട് അദ്ദേഹം ചെയ്തിരുന്ന തരത്തിലുള്ള എല്ലാ പ്രകടനവും ആവർത്തിക്കാൻ കെൽപ്പുള്ള താരവും നമ്മുടെ സഞ്ജു സാംസൺ തന്നെയാണ്.
പവർ ഹിറ്റിങ് മികവിലൂടെ എതിർ നിരയുടെ ആത്മവിശ്വാസം തകർക്കുന്നതിൽ മാസ്റ്റർ ആയിരുന്ന രോഹിത്തിന്റെ അതെ ശൈലി തന്നെയാണ് തനിക്കും ഉള്ളതെന്ന് സഞ്ജു പലതവണ തെളിയിച്ചുകഴിഞ്ഞ കാര്യമാണ്. എന്നിരുന്നാലും, ഇംഗ്ലണ്ട് പരമ്പരയിൽ ആറ് സിക്‌സറുകൾ കൂടി നേടിയാൽ സഞ്ജു സാംസൺ ധോണിയുടെ ഒരു പ്രധാന ബാറ്റിംഗ് റെക്കോർഡ് തകർക്കും. ടി20യിൽ ധോണി 52 സിക്‌സറുകൾ നേടിയപ്പോൾ സാംസൺ 33 ഇന്നിംഗ്‌സുകളിൽ നിന്ന് 46 സിക്‌സറുകൾ നേടിയിട്ടുണ്ട്. അതിനാൽ, അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഏഴ് സിക്‌സറുകൾ അടിച്ചാൽ, കീപ്പർ-ബാറ്റർ പട്ടികയിൽ ധോണിയെ മറികടക്കും.
എന്തായാലും ടി 20 ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനത്തിലൂടെ ഇന്ത്യയുടെ ഏകദിന ടീമിലും സ്ഥാനം ഉറപ്പിക്കാൻ ആയിരിക്കും ഇനി സഞ്ജു ശ്രമിക്കുക.