ദുബായിയില്‍ കൊടുങ്കാറ്റായി സാംപ; ബംഗ്ലാദേശ് നിലംപൊത്തി

ടി20 ലോക കപ്പില്‍ ബംഗ്ലാദേശിന്റെ നാണംകെട്ട പ്രകടനത്തിന്അറുതിയില്ല. സൂപ്പര്‍ 12 മുഖാമുഖത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവുകള്‍ വെറും 73 റണ്‍സിന് പുറത്തായി. നേരത്തെ ദക്ഷിണാഫ്രിക്കയോടും ബംഗ്ലാദേശ് 84 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയുടെ മാരക പന്തേറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. നാല് ഓവര്‍ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് കൊയ്ത സാംപ ബംഗ്ലാദേശ് ബാറ്റര്‍മാരെ നിഷ്പ്രഭരാക്കി. ടി20 ലോക കപ്പില്‍ ഒരു ഓസ്‌ട്രേലിയന്‍ ബോളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഹാട്രിക്ക് നേടാന്‍ സാംപയ്ക്ക് അവസരമൊരുങ്ങിയെങ്കിലും ടസ്‌കിന്‍ അഹമ്മദിനെ (6 നോട്ടൗട്ട്) വിക്കറ്റ് കീപ്പര്‍ മാത്യു വേഡ് വിട്ടുകളഞ്ഞത് ഓസീസ് ക്യാംപിനെ ചെറിയ നിരാശയിലാഴ്ത്തി.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെസല്‍വുഡുമാണ് ബംഗ്ലാദേശിന്റെ വന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഒരു ഇരയെ ലഭിച്ചു. 19 റണ്‍സെടുത്ത ഷമീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മുഹമ്മദുള്ളയും (16), ഓപ്പണര്‍ മുഹമ്മദ് നയിമും (17) ചെറിയ സംഭാവന നല്‍കി. ലിറ്റണ്‍ ദാസ് (0), മുഷ്ഫിക്കുര്‍ റഹീം (1) എന്നിവര്‍ പാടേ നിറംമങ്ങിയതാണ് ബംഗ്ലാദേശിനെ പിന്നോട്ടടിച്ചത്.

Read more