അയാളെ പുറത്താക്കാനുള്ള ഏക മാര്‍ഗ്ഗം അതുതന്നെയായിരുന്നു!

ഗുവാഹാട്ടിയില്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടാവുകയാണ് ചെയ്തത്. അയാളെ പുറത്താക്കാനുള്ള ഏക മാര്‍ഗ്ഗവും അതുതന്നെയായിരുന്നു! എതിരാളികള്‍ക്കിടയില്‍ ഭയം വിതച്ച് നേട്ടം കൊയ്യുന്ന ബാറ്ററാണ് സൂര്യ. വിവ് റിച്ചാര്‍ഡ്‌സ്, സനത് ജയസൂര്യ തുടങ്ങിയവര്‍ നടപ്പിലാക്കിയ ഒരു ശൈലി!

ഒരു പുതിയ സ്‌പെല്ലിനെത്തിയ കഗീസോ റബാഡയെ സൂര്യ നിര്‍ദ്ദയം തല്ലിച്ചതച്ചു. ആ പ്രഹരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെയാകെ സ്വാധീനിച്ചു. അവര്‍ ഫീല്‍ഡിങ്ങില്‍ പിഴവുകള്‍ വരുത്തി. എങ്കിടിയും പാര്‍നെലും ഫുള്‍ടോസുകളും ലൂസ് ഷോര്‍ട്ട്‌ബോളുകളും എറിഞ്ഞു.

ആ ഫുള്‍ടോസുകള്‍ സൂര്യ എങ്ങനെ ഉപയോഗിച്ചു എന്നതും പ്രധാനമാണ്. ഒന്ന് ഓഫ്‌സൈഡിലൂടെയും മറ്റേത് ലെഗ്‌സൈഡിലൂടെയുമാണ് ഗാലറിയിലെത്തിയത്. ധീരതയ്ക്കുപുറമെ 360 ഡിഗ്രി റേഞ്ചും!

റബാഡയെ സൂര്യ ഫ്‌ലിക് ചെയ്ത് സിക്‌സ് പറത്തിയപ്പോള്‍ ബോള്‍ ബോയ്‌സ് ജീവനും കൊണ്ട് ഓടിമാറുന്നത് കണ്ടിരുന്നു. എതിര്‍ടീമുകളുടെ അവസ്ഥയും അതുതന്നെ!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍