CSK VS RCB: ഞാന്‍ എന്താടാ നിന്റെ ചെണ്ടയോ, നിലത്ത് നിര്‍ത്തെടാ, ചെന്നൈ ബോളറുടെ ഓരോവറില്‍ 33 അടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, തീപ്പൊരി ബാറ്റിങ്ങിന്‌ കയ്യടിച്ച് ആരാധകര്‍

ചെന്നൈക്കെതിരെ 14 ബോളില്‍ അര്‍ധസെഞ്ച്വറി നേടി ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചിരിക്കുകയാണ് റൊമാരിയോ ഷെപ്പേര്‍ഡ്. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ താരം അവസാന ഓവറുകളില്‍ സിഎസ്‌കെ ബോളര്‍മാരെ കണക്കിന് ശിക്ഷിക്കുകയായിരുന്നു. ചെന്നൈയുടെ പ്രധാന പേസറായ ഖലീല്‍ അഹമ്മദിന്റെ ഒരോവറില്‍ റൊമാരിയോ നേടിയത് 33 റണ്‍സാണ്. ഖലീല്‍ ഏറിഞ്ഞ 19ാം ഓവറിലായിരുന്നു ആര്‍സിബി താരം മിന്നല്‍ ബാറ്റിങ് പുറത്തെടുത്തത്. 18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍സിബി സ്‌കോര്‍ 159-5 എന്ന നിലയിലായിരുന്നു.

എന്നാല്‍ ഖലീല്‍ അഹമ്മദ് 19ാം ഓവര്‍ എറിയാന്‍ എത്തിയപ്പോള്‍ കളി മൊത്തത്തില്‍ മാറുകയായിരുന്നു. ആദ്യ രണ്ട് ബോളുകളും സിക്‌സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡ് അടുത്ത പന്തില്‍ ഫോറും നാലാം പന്തില്‍ സിക്‌സും നേടി. അഞ്ചാം പന്ത് നോബോളായെങ്കിലും അതിലും സിക്‌സ്. ഖലീലിന്റെ അവസാന പന്ത് ഫോറും അടിച്ചതോടെ 19ാം ഓവറില്‍ 33 റണ്‍സ് നേടുകയായിരുന്നു റൊമാരിയോ.

ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ സിഎസ്‌കെയ്ക്കായി ഒരോവറില്‍ എറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബോളറായി ഖലീല്‍ അഹമ്മദ് മാറി. ഇന്നത്തെ ഫിഫ്റ്റി നേട്ടത്തോടെ ഐപിഎലില്‍ കുറഞ്ഞ പന്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന നാലാമത്തെ കളിക്കാരനായി റൊമാരിയോ ഷെപ്പേര്‍ഡ് മാറി. 13 പന്തില്‍ ഫിഫ്റ്റി നേടിയ യശസ്വി ജയ്‌സ്വാളാണ്‌ ഒന്നാമത്. കെഎല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ് തുടങ്ങിയവരാണ് റൊമാരിയോക്ക് പുറമെ 14 ബോളില്‍ അര്‍ധസെഞ്ച്വറി നേടിയവര്‍.

Read more