കിവീസിനെതിരെ രോഹിത് നക്ഷത്രമെണ്ണും; തുറന്നടിച്ച് സല്‍മാന്‍ ബട്ട്

പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിനെ കുറിച്ച് വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. രോഹിത് ശര്‍മ്മയെ പോലെ അടിച്ചുകളിക്കുന്ന ശൈലിയുള്ള താരങ്ങള്‍ സ്വിംഗ് ബോളിംഗില്‍ പ്രയാസപ്പെടുമെന്നാണ് ബട്ട് പറയുന്നത്.

‘അനായാസമായി ഷോട്ട് കളിക്കുന്ന രോഹിത് ശര്‍മയെപ്പോലൊരു താരം സ്വിംഗ് ബോളിംഗില്‍ പ്രയാസപ്പെടും. വീരേന്ദര്‍ സെവാഗിന് മികച്ച പ്രകടനം പറയാമെങ്കിലും ഒട്ടുമിക്ക ബാറ്റ്സ്മാന്‍മാര്‍ക്കും സ്വിംഗ് ബോളിംഗിനെ നേരിടുക വെല്ലുവിളിയാണ്. സെവാഗിനും അത് അറിയാം. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ രോഹിത് നേടി. എന്നാല്‍ അത് വൈറ്റ്‌ബോള്‍ മത്സരവും ഇത് ടെസ്റ്റുമാണ്. കൂടാതെ ഡ്യൂക്സ് ബോളും. ഡ്യൂക്സ് ബോളില്‍ ബാറ്റ്സ്മാന് അല്‍പ്പം ക്ഷമ ആവിശ്യമാണ്.’

‘ഇന്ത്യന്‍ ടീമിന് അവരുടേതായ ഒരു സമീപനമുണ്ട്. ഫൈനല്‍ ആയതിനാല്‍ത്തന്നെ അനാവശ്യമായ ആക്രമണോത്സുകത ഇന്ത്യ കാട്ടില്ല. എന്നാല്‍ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള രോഹിതും റിഷഭുമെല്ലാം മറ്റുള്ളവരേക്കാള്‍ അല്‍പ്പം ആക്രമണോത്സുകത കാട്ടണം. ചേതേശ്വര്‍ പുജാരയെപ്പോലുള്ള മറ്റ് താരങ്ങള്‍ക്ക് നിലയുറപ്പിക്കാന്‍ അല്‍പ്പംകൂടി സമയം ആവിശ്യമാണ്. അവര്‍ അവരുടെ സ്വാഭാവിക ശൈലി മാറ്റുമെന്ന് തോന്നുന്നില്ല’ ബട്ട് വിലയിരുത്തി.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പായി ഇന്ത്യന്‍ ടീം രണ്ടായി തിരിഞ്ഞ് നടത്തുന്ന പരിശീലന മത്സരത്തില്‍ രോഹിത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.