രോഹിത് രാഹുൽ എന്നിവരൊക്കെ മാറിനിൽക്കുക, ആ പയ്യൻ ഇനി നയിക്കട്ടെ; ഇഷ്ട താരത്തിന്റെ പേരുപറഞ്ഞ് ഗംഭീർ

അടുത്തിടെ സമാപിച്ച ശ്രീലങ്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ നിന്ന് ഇന്ത്യ ജയിക്കാൻ കാരണം ഹാര്ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി കാരണം ആണെന്ന് പറയുകയാണ് ഗൗതം ഗംഭീർ. പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ഉൾപ്പടെ അതിനിർണായകമായ തീരുമാനങ്ങളുമായി കളം നിറഞ്ഞ ഹാര്ദിക്ക് യുവനിരയുമായി നേടിയത് മികച്ച വിജയം തന്നെയാണ്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1 ന് ജയിച്ചു. പുണെയിൽ നടന്ന രണ്ടാം ടി20യിൽ ലങ്കവിജയിച്ചതിന് പിന്നാലെ 91 റൺസിന്റെ കൂറ്റൻ മാർജിനിൽ രാജ്‌കോട്ടിൽ നടന്ന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഭാവി ടി20 നായക സ്ഥാനം തന്റെ കൈയിൽ ഭദ്രം ആണെന്ന് തെളിയിക്കാനും ഹാർദിക്കിന് ഈ പ്രകടനത്തോടെ സാധിച്ചു.

സ്റ്റാർ സ്‌പോർട്‌സ് ഷോയായ ‘ഫോളോ ദ ബ്ലൂസ്’ എന്ന പരിപാടിയിൽ ഗംഭീർ പാണ്ഡ്യയുടെ നേതൃത്വത്തെ പ്രശംസിച്ചു.

“ഈ പരമ്പരയിൽ ഒരുപാട് പോസിറ്റീവുകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു. ഹാർദിക്കിന്റെ ക്യാപ്റ്റൻസി മികച്ചതായിരുന്നു. ഭാവി നായക സ്ഥാനം അദ്ദേഹത്തിന് നൽകണമെന്ന് ഞാൻ കരുതുന്നു, കാരണം തന്റെ ക്യാപ്റ്റൻസിയിൽഅയാൾ വേണ്ടതെല്ലാം ചെയ്തു.”

“കൂടുതൽ പ്രധാനമായി, യുവ ബൗളർമാർ പന്തെറിഞ്ഞ രീതി – ഉമ്രാൻ മാലിക്. സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ്, രാഹുൽ ത്രിപാഠിയുടെ ബാറ്റിംഗ് . ഈ പരമ്പരയിൽ ഇന്ത്യക്ക് ഗുണകരമായ ഒരുപാ ഘടകങ്ങൾ ഉണ്ടായെന്ന് ഞാൻ വിശ്വസിക്കുന്നു.”

ഉമ്രാൻ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരുന്നു. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ചുറിയും മാച്ച് വിന്നിംഗ് സെഞ്ചുറിയുമാണ് സൂര്യകുമാർ നേടിയത്. രാജ്‌കോട്ടിൽ 16 പന്തിൽ 35 റൺസെടുത്ത ത്രിപാഠി ഇന്ത്യൻ ഇന്നിംഗ്‌സിന് തുടക്കത്തിലെ കുതിപ്പ് നൽകി.