ധോണി വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി രോഹിത് ശര്‍മ്മ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിക്കു ആരാധകരെന്ന പോലെ നിരവധി വിമര്‍ശകരുമുണ്ട്. ധോണിക്കു വിരമിക്കാനുള്ള സമയമായെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും പറഞ്ഞാണ് ധോണിക്കെതിരേ വിമര്‍ശകര്‍ വാളെടുക്കാറുള്ളത്. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാം തന്റെ പ്രകടനത്തിലൂടെ മറുപടി നല്‍കുന്ന ശീലമാണ് ക്യാപ്റ്റന്‍ കൂളിനുള്ളത്.

അതേസമയം, 2019 ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ കീപ്പറായി ധോണി തന്നെയുണ്ടാകുമെന്ന് ടീമിന്റെ മുഖ്യ സെലക്ടര്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളൊന്നും ധോണിയുടെ നിലവാരത്തിലെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 36 കാരനായ താരം ലോകകപ്പിലും ഇന്ത്യയുടെ കീപ്പിങ് ഗ്ലൗ അണിയുമെന്ന് മുഖ്യ സെലക്ടര്‍ വ്യക്തമാക്കിയത്.

അതേസമയം, ഇക്കഴിഞ്ഞ ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ധോണിക്ക് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കിയ രോഹിത്തിനെതിരേ വന്ന വിമര്‍ശനത്തിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സൂപ്പര്‍ താരം. ധോണിയുടെ അടുത്ത കാലത്തെ പെര്‍ഫോമന്‍സ് നോക്കിയിട്ടുവേണം ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാനെന്ന് പറഞ്ഞ രോഹിത് ശര്‍മ്മ താരത്തിന് ബാറ്റിങ് സ്ഥാനക്കയറ്റം നല്‍കിയതിനെതിരേ വരുന്ന വിമര്‍ശനം തന്നെ അമ്പരപ്പിക്കുന്നുവെന്നും വ്യക്തമാക്കി.

Read more

ആറാമനായി ഇറങ്ങിയിരുന്ന ധോണിയെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ നടന്ന മത്സരത്തില്‍ നാലാമനായും മൂന്നാമനായും ഇറക്കിയിരുന്നു. നാലാം സ്ഥാനത്തിന് ഇന്ത്യന്‍ ടീമില്‍ ഏറ്റവും അനുയോജ്യനായ താരം ധോണിയാണെന്നാണ് രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നത്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റെടുത്ത തീരുമാനമാണ് ധോണിക്കുള്ള ബാറ്റിങ് സ്ഥാനക്കയറ്റമെന്നും രോഹിത് പറഞ്ഞു.