ഇന്ത്യയുടെ കാശ് മേടിക്കുന്നു ഐപിഎൽ കളിക്കുന്നു, എന്നിട്ട് അവരെ തന്നെ തോൽപ്പിക്കുന്നു; സ്റ്റാർക്ക് വീഡിയോ പങ്കുവെച്ച് ഹർഭജൻ

ഐപിഎൽ 2024 ലേലത്തിൽ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപയ്ക്ക് വാങ്ങിയതിന് പിന്നാലെ ഹർഭജൻ സിംഗ് രസകരമായ ഒരു വീഡിയോ സന്ദേശവുമായി എത്തിയിരിക്കുകയാണ്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ താരമായി സ്റ്റാർക്ക് മാറിയ പിന്നാലെ ക്രിക്കറ്റ് ലോകത്ത് ഒരുപാട് അഭിപ്രായങ്ങൾ വന്നിരുന്നു.

കെ‌കെ‌ആറും ഗുജറാത്ത് ടൈറ്റൻസും (ജിടി) തമ്മിലുള്ള വാശിയേറിയ ലേലം വിളിക്ക് പിന്നാലെയാണ് താരത്തിന്റെ സേവനം കൊൽക്കത്തയ്ക്ക് സ്വന്തമായത്. അത്രയൊന്നും പരിചയസമ്പത്തില്ലാത്ത ബോളിങ് നിരയെ നയിക്കാൻ കെൽപ്പുള്ള, മികവുള്ള ഒരു താരത്തെ ആവശ്യമായിരുന്ന കൊൽക്കത്ത അവർ ആഗ്രഹിച്ചതുപോലെ തന്നെ സ്റ്റാർക്കിനെ സ്വന്തമാക്കുക ആയിരുന്നു. എന്തായാലും മികച്ചത് സ്റ്റാർക്കിന്റെ ഒരു വിഡിയോയിൽ എഡിറ്റ് ചെയ്ത സംഭാഷണം കയറ്റി “തമാശക്ക് വേണ്ടി മാത്രം ” എന്ന നിലയിൽ ഹർഭജൻ പറയുന്നത് ഇങ്ങനെയാണ്.

“എനിക്ക് ഇതുപോലെ വേറെ വല്ല ജോലിയും കിട്ടുമോ. ഇന്ത്യയിൽ വെറും രണ്ട് മാസം ഐപിഎൽ കളിച്ചിട്ട് മടങ്ങുമ്പോൾ എനിക്ക് 25 കോടി രൂപ വരെ കിട്ടും. ഞാൻ കൂടുതലൊന്നും അതിനായി ചെയ്യേണ്ടത് ഇല്ല. കുറച്ച് ഹിന്ദി ഡയലോഗുകൾ പഠിക്കുക പ്രധാനമാണ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ധോണിയുടെ കൈയിൽ നിന്ന് അടി കിട്ടിയാലും ബാംഗ്ലൂരിൽ അവരുടെ കൈയിൽ നിന്നും പ്രഹരം ഏറ്റുവാങ്ങിയാലും ആ ടീമിലുള്ളവരുടെ ബോളിങ് വെച്ച് വെച്ച് 10 ഓവറിൽ റൺ എല്ലാം പിന്തുടർന്ന് ജയിക്കുയും മുംബൈയിൽ ഷാരൂഖ് ഖാനൊപ്പം അടിച്ചുപൊളിക്കുകയും ഷാരൂഖിൻറെ മകൾ സുഹാനക്കൊപ്പം സിനിമ കാണുകയും ഷാരൂഖിൻറെ ഇളയ കുട്ടിയുടെ സ്കൂളിൽ പോയി വാർഷിക പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിട്ട് പരിക്ക് പറ്റി ടൂർണമെന്റിന് പുറത്തേക്ക് പോകുന്നു. ഇത്രയൊക്കെ ചെയ്താലും തുക മുഴുവനും കിട്ടും. ചുരുക്കി പറഞ്ഞാൽ ഇന്ത്യക്കാരുടെ കാശ് കൊണ്ട് ടൂർണമെന്റ് കളിച്ചിട്ട് ലോകകപ്പ് ആകുമ്പോൾ അവരെ തോൽപ്പിക്കുന്നു. ” ഹർഭജൻ വീഡിയോ അവസാനിപ്പിച്ചു.

എന്തായാലും ഹർഭജന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്റ്റാർക്ക് ഇത്രയധികം തുക അർഹിക്കുന്നുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം.

View this post on Instagram

A post shared by Harbhajan Turbanator Singh (@harbhajan3)