'എല്ലാവരുടേയും ഫോണില്‍ സോഷ്യല്‍മീഡിയയുണ്ട്, ബംഗ്ലാ ടീമിനെ താഴ്ത്തിക്കെട്ടേണ്ട',വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ച് മുഹമ്മദുള്ള

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനോടേറ്റ തോല്‍വിക്കു പിന്നാലെ ബംഗ്ലാദേശ് താരങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തോട് പ്രതികരിച്ച് ക്യാപ്റ്റന്‍ മുഹമ്മദുള്ള. സോഷ്യല്‍ മീഡിയയിലെ അവഹേളനം കളിക്കാരെ ഏറെ വേദനിപ്പിച്ചെന്ന് മുഹമ്മദുള്ള വെളിപ്പെടുത്തി.

എല്ലാ ഭാഗത്തുനിന്നും ബംഗ്ലാദേശ് താരങ്ങള്‍ക്ക് മോശം അനുഭവമുണ്ടായി. നമ്മളും മനുഷ്യരാണ്. നമുക്കും വികാരങ്ങളുണ്ട്. കുടുംബമുണ്ട്. ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നിലിരുന്ന നമ്മുടെ മാതാപിതാക്കളും മക്കളുമെല്ലാം തകര്‍ന്നുപോയി- മുഹമ്മദുള്ള പറഞ്ഞു.

ഇക്കാലത്ത് എല്ലാവരുടേയും കയ്യിലെ ഫോണുകളില്‍ സമൂഹ മാധ്യമങ്ങളുണ്ട്. വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ ബംഗ്ലാദേശിനെ താഴ്ത്തിക്കെട്ടരുത്. നമ്മള്‍ നന്നായി പരിശ്രമിച്ചു. പക്ഷേ, നല്ല ഫലം ലഭിച്ചില്ല. താരങ്ങള്‍ പരിക്കുംവെച്ചുകൊണ്ട് കളിക്കുന്നു. ചിലര്‍ വേദനാസംഹാരികളുടെ സഹായത്തോടെയാണ് എല്ലാ ദിവസവും കളത്തിലിറങ്ങുന്നത്. പലര്‍ക്കും അതറിയില്ല. അതിനാല്‍ ബംഗ്ലാ ടീമിന്റെ ആത്മാര്‍ത്ഥയെ ചോദ്യംചെയ്യുന്നത് ശരിയല്ലെന്നും മുഹമ്മദുള്ള പറഞ്ഞു.