ഹാരിസ് റൗഫിനും ഷഹീൻ അഫ്രീദിക്കുമായി ഇന്ത്യയുടെ പദ്ധതിയെക്കുറിച്ചുള്ള ചോദ്യം, അഗാർക്കറുടെ മറുപടി ഏറ്റെടുത്ത് ആരാധകർ

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ടീം പ്രഖ്യാപനം നടന്നത്. സെലെക്ഷൻ കമ്മിറ്റിയിലെ പ്രധാനി അജിത് അഗാർക്കറുടെ നേതൃത്വത്തിൽ ഏറെ കൂടിയാലോചനകൾക്കും ചിന്തകൾക്കും ശേഷമാണ് വരാനിരിക്കുന്ന ലോകകപ്പ് കൂടി മുൻനിർത്തി 17 അംഗ സ്‌ക്വാഡിന്റെ പ്രഖ്യാപനം നടത്തിയത്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ പ്രധാന താരങ്ങൾ എല്ലാവരും തങ്ങളുടെ സ്ഥാനം നിലനിർത്തി.

പത്രസമ്മേളനത്തിൽ അജിത് അഗാർക്കറോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം പറഞ്ഞ മറുപടിയുമാണ് ഇപ്പോൾ താരം. ഈ സമ്മേളനത്തിനിടെ, ‘ഹാരിസ് റൗഫിനും ഷഹീനുമായി ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ’ എന്ന് ഒരു മാധ്യമപ്രവർത്തകൻ അഗാർക്കറോട് ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ആയിരുന്നു രസകരം – അവരുടെ കാര്യം വിരാട് കോഹ്‌ലി നോക്കിക്കോളും എന്നായിരുന്നു.

ഈ ഏഷ്യാ കപ്പ് കാത്തിരിക്കുന്ന പോരാട്ടം തന്നെ ആയിരിക്കും, കോഹ്‌ലിയും പാകിസ്ഥാൻ ബോളറുമാരും തമ്മിൽ നടക്കാൻ ഇരിക്കുന്നത്. കഴിഞ്ഞ ടി 20 ലോകകപ്പിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലോകോത്തര ബാറ്ററായ കോഹ്‌ലി തന്നെ ആയിരുന്നു പോരാട്ടത്തിലെ കേമൻ. അത്ര എളുപ്പത്തിലൊന്നും അടിച്ച് പറത്താൻ എളുപ്പമല്ലാത്ത താരങ്ങൾ ആയിട്ടും കോഹ്‌ലി അന്ന് ക്ലാസ്സ് കാണിച്ചു. ഇത്തവണ വിജയം ആർക്കെന്ന് ഉള്ളതാണ് ഉയർന്ന് വരുന്ന ചോദ്യം.

2023ലെ ഏഷ്യാ കപ്പ് ഏകദിന ഫോർമാറ്റിലാണ് നടക്കുക. 2018ൽ ദുബായിൽ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ 3 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയതാണ് അവസാനമായി ഏഷ്യാ കപ്പ് ഏകദിന ഫോർമാറ്റിൽ നടന്നത്.