മാഗിമാൻ എന്ന് കളിയാക്കിയവർ ഇന്ന് അയാളെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നു, ജീവിതത്തിൽ തോറ്റു പോയി എന്ന് തോന്നൽ ഉണ്ടാക്കുന്നവർ പഠിക്കണം അയാളുടെ കഥ

ജോലി നഷ്ടപെട്ട്, ബിസിനസ് പരാജയപ്പെട്ട്, നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട്, സ്പീക്കർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട്, സെനേറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപെട്ട്, വൈസ് പ്രസിഡന്റ്‌ നോമിനിയാകുന്നതിൽ പരാജയപ്പെട്ട് അങ്ങനെ അങ്ങനെ തോറ്റ് തോറ്റ്. ഒടുവിൽ, ലോകമാദരിക്കുന്ന അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായി മാറിയ എബ്രഹാം ലിങ്കണിന്റെ കഥ കേട്ടിട്ടില്ലേ.

തുകൽ പന്ത്, വില്ലോ മരവുമായി സംഗമിക്കുന്ന ഇരുപത്തിരണ്ടു വരക്കുമുണ്ട് അതുപോലെയൊരു കഥ പറയാൻ. തുടർപരാജയങ്ങളുടെ ആഴിപരപ്പിൽ നിന്നും, നേട്ടങ്ങളുടെ ഹിമവൽ ശൃംഗങ്ങളിലേക്ക് ആരോഹണം നടത്തിയ ഒരു മനുഷ്യന്റെ കഥ.

“ടാലെന്റെഡ്” എന്ന ടാഗുമായി ടീം ഇന്ത്യയുടെ നീലകുപ്പായമണിഞ്ഞിട്ടും, വർഷങ്ങളോളം ഒന്നുമാവാതെ പോയ ഒരുവന്റെ കഥ. അരങ്ങേറി അഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ, രണ്ടു സെഞ്ച്വറികൾ മാത്രം നേടി, വെറും 1800 റൺസുമായി ടീമിൽ സ്ഥാനമുറപ്പിക്കാനാവാതെ നിസ്സഹായനായി നിന്ന ഒരുവന്റെ കഥ. ആ സമയത്ത്‌ ഇന്ത്യയുടെ ടോപ് സിക്സിൽ കളിച്ച ബാറ്റർമാരിൽ ഏറ്റവും മോശം ബാറ്റിങ് ആവറേജുണ്ടായിരുന്ന, ഏറ്റവും മോശം സ്ട്രൈക്ക് റേറ്റുണ്ടായിരുന്ന ഒരുവന്റെ കഥ.

രണ്ടായിരം റൺസ് തികയ്ക്കാൻ ഏറ്റവും അധികം ഇന്നിങ്സ് കളിക്കേണ്ടിവന്ന ഇന്ത്യൻ ബാറ്റർ എന്ന നാണക്കേടിന്റെ റെക്കോഡിൽ മൂന്നാം സ്ഥാനക്കാരന്റെ കഥ. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഏറ്റവും കുറവ് റൺസ് നേടിയ ബാറ്റർ എന്നൊരു നാണക്കേടിന്റെ റെക്കോഡും സ്വന്തമായുണ്ടായിരുന്ന ഒരുവന്റെ കഥ. നാട്ടിൽ നടന്ന ലോക കപ്പിൽ, തനിക്ക് പിന്നിൽ വന്നവർ സ്ഥാനം ഉറപ്പിക്കുമ്പോൾ, ഒഴിവാക്കപെട്ട ഒരുവന്റെ കഥ.

ഒരു കവർ മാഗി പാകമാകുന്ന സമയത്തിനുള്ളിൽ, വിക്കറ്റ് കളഞ്ഞു തിരികെ എത്തുന്നവൻ എന്നർത്ഥത്തിൽ ആളുകൾ, മാഗിമാൻ എന്ന് പരിഹസിച്ചു വിളിച്ചവന്റെ കഥ. എവിടെയായിരിക്കും അയാൾ ഇപ്പോൾ? തുടർ പരാജയങ്ങളിൽ മനം മടുത്ത്, ക്രിക്കറ്റ്‌ എന്ന പാഷൻ ഉപേക്ഷിച്ച് മറ്റേതോ ജീവിതമാർഗം അന്വേഷിച്ച്, 130 കോടിയിൽ ഒരുവനായി, ആരാലും തിരിച്ചറിയപ്പെടാത്തവനായി അയാൾ ഒതുങ്ങി പോയി കാണുമെന്നു നിങ്ങൾ കരുതിയോ??

എന്നാൽ അറിഞ്ഞോളു, ടീമിൽ സ്ഥാനമുറപ്പിക്കാൻ പാടുപെട്ട ആയാൾ ഇപ്പോൾ, എല്ലാ ഫോർമാറ്റിലും ഇന്ത്യൻ പുരുഷ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനാണ്. വെറും രണ്ട് സെഞ്ച്വറികൾ മാത്രമുണ്ടായിരുന്ന അയാളുടെ പേരിൽ ഇപ്പോൾ മൂന്ന് ഇരട്ട സെഞ്ച്വറികൾ അടക്കം 29 ഏകദിന സെഞ്ച്വറികളുണ്ട്. 2000 റൺസ് തികയ്ക്കാൻ ഏറ്റവും കാലതാമാസമെടുത്ത വരിൽ മൂന്നാം സ്ഥാനക്കാരൻ, ഇപ്പോൾ ഏറ്റവും വേഗത്തിൽ 9000 റൺസ് തികച്ചവരിൽ മൂന്നാം സ്ഥാനക്കാരനാണ്. അഞ്ചു മത്സര ഏകദിന പരമ്പരയിൽ ഏറ്റവും കുറഞ്ഞ റൺസ് എന്ന നാണക്കേടിന്റെ റെക്കോർഡിൽ നിന്നും അഞ്ചു മത്സര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററായി അയാൾ മാറി.

2011 ലെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപെട്ടവൻ, 2019 ലെ ലോകകപ്പ് അവസാനിക്കുമ്പോൾ, ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ച്വറി നേടിയ ബാറ്റർ എന്ന റെക്കോർഡിൽ, സാക്ഷൽ സച്ചിൻ തെണ്ടുൽക്കർക്കൊപ്പം തന്റെ പേര് എഴുതി ചേർത്തു. അയാളുടെ പേര് രോഹിത് ഗുരുനാഥ്‌ ശർമ്മ എന്നാണ്. കാമുകിയൊന്ന് തേച്ചിട്ടു പോയാൽ, പരീക്ഷയ്ക്ക് മാർക്കൊന്നു കുറഞ്ഞാൽ, അച്ഛനൊന്നു വഴക്കു പറഞ്ഞാൽ, ആത്മഹത്യ ചെയ്തുകളയുന്ന ഇന്നത്തെ തലമുറ അയാളെ വായിക്കണം.

വെറുതെ വായിച്ചാൽ പോര, മാഗിമാനെന്ന്‌ പരിഹസിച്ചവരെ കൊണ്ട് ഹിറ്റ്‌മാൻ എന്ന് മാറ്റി വിളിപ്പിച്ച ആ പോരാട്ടവീര്യത്തിന്റെ കഥ മനപാഠമാക്കണം.
Nothing breed Success like Failure. This man’s journey from Magiman to Hitman is a living example for the same.
Happy Bday Rohit Sharma
Thank You for teaching us the biggest lesson of life.