ഹാര്‍ദ്ദിക് നായകനാകുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ, ഒരു ട്വിസ്റ്റുണ്ടെന്ന് പാര്‍ഥിവ് പട്ടേല്‍

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ഏകദിന ലോകകപ്പില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ നായകനായെത്താനുള്ള സാധ്യതകളില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ താരം പാര്‍ഥിവ് പട്ടേല്‍. ഹാര്‍ദ്ദിക്കിന്‍രെ ഫിറ്റ്‌നസ് ഇല്ലായ്മ ആശങ്ക നല്‍കുന്നതാണെന്നും നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ രോഹിത് തന്നെ ടീമിനെ നയിക്കേണ്ടതുണ്ടെന്നും പട്ടേല്‍ അഭിപ്രായപ്പെട്ടു.

ഹാര്‍ദിക് പാണ്ഡ്യയുടെ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ടി20 ലോകകപ്പില്‍ രോഹിത് തന്നെ ടീമിനെ നയിക്കേണ്ടതുണ്ട്. ഹാര്‍ദിക്കായിരിക്കും ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്നു സമാപിച്ച ഏകദിന ലോകകപ്പിനു ശേഷം എല്ലാവര്‍ക്കും ഉറപ്പായിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം പരിക്കേറ്റ് പുറത്താണ്. എപ്പോള്‍ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നതിനെക്കുറിച്ച് നിങ്ങള്‍ക്കു അറിയുകയുമില്ല.

അടുത്ത ടി20 ലോകകപ്പിന്റെ സമയത്തു ഹാര്‍ദിക്ക് ഫിറ്റാവുമോ, ഇല്ലയോ എന്നതും നിങ്ങള്‍ക്കറിയില്ല. എത്ര മല്‍സരങ്ങളില്‍ അദ്ദേഹം കളിക്കുമെന്നതും ഉറപ്പില്ല. ഈ വര്‍ഷത്തെ ആദ്യത്തെ ആറു മാസങ്ങളെടുത്താല്‍ ടി20യില്‍ ഇന്ത്യക്കു ഒരുപാട് ക്യാപ്റ്റന്‍മാരുടെ ലിസ്റ്റ് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.

ടെസ്റ്റ് പരമ്പര ഏകദിന പരമ്പര, ടി20 പരമ്പര എന്നിവ തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്നു. ഈ കാരണത്താണ് പല ക്യാപ്റ്റന്‍മാരെയും ഇന്ത്യക്കു പരീക്ഷിക്കേണ്ടി വന്നത്. അതുകൊണ്ടു തന്നെ കുറഞ്ഞത് അടുത്ത ടി20 ലോകകപ്പില്‍ കൂടിയെങ്കിലും രോഹിത് ശര്‍മ ഇന്ത്യയെ നയിക്കണം. അതിനു ശേഷം അദ്ദേഹത്തിനു മാറി നില്‍ക്കാവുന്നതാണ്- പാര്‍ഥീവ് പറഞ്ഞു.