ബാബര്‍ ഒന്നാം നമ്പര്‍ താരമാകുന്നത് കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ കളിച്ച്, മറ്റ് താരങ്ങള്‍ ഈ നിലവാരത്തിലേക്ക് താഴില്ല; പരിഹസിച്ച് പാക് താരം

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിനു പിന്നാലെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ പരിഹാസവുമായി പാക് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ലോക ഒന്നാം നമ്പര്‍ ബാറ്ററായ ബാബര്‍ അസം ചെറിയ ടീമുകള്‍ക്കെതിരെ കളിച്ചിട്ടാണ് റാങ്കിംഗില്‍ മുന്നിലായതെന്ന് ആമിര്‍ പരിഹസിച്ചു.

ഐസിസി റാങ്കിംഗ് ഓരോ ആഴ്ചയും മാറിക്കൊണ്ടിരിക്കും. നിങ്ങള്‍ 40 മത്സരങ്ങളും കളിച്ച്, ചിലതില്‍ 20 ഉം ചിലതില്‍ 50 ഉം, 60 പന്തില്‍ 70 ഉം ഒക്കെ റണ്‍സെടുത്താല്‍ നിങ്ങളുടെ റാങ്കിംഗ് ഉയരും.

എന്തുകൊണ്ടാണ് ജോസ് ബട്ട്ലര്‍, ഡേവിഡ് മില്ലര്‍, ക്വിന്റന്‍ ഡികോക്ക് എന്നിവരൊന്നും ഒന്നാം സ്ഥാനത്തു വരാത്തത്. കാരണം ബി, സി ലെവലിലെ ടീമുകള്‍ കളിക്കാന്‍ വരുമ്പോള്‍ അവരൊന്നും സ്വന്തം ടീമുകള്‍ക്കായി ഇറങ്ങാറില്ല. കളിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ റാങ്കിംഗും താഴും- മുഹമ്മദ് ആമിര്‍ പറഞ്ഞു.

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ചിലുള്ള താരമാണ് ബാബര്‍ അസം. ഏകദിനത്തില്‍ ഒന്നാം സ്ഥാനത്തും, ടി20യില്‍ മൂന്നാമതും, ടെസ്റ്റില്‍ നാലാമതും ബാബര്‍ അസമുണ്ട്.