ദിവസവും ഹൈദരാബാദ് ബിരിയാണി കഴിച്ചതാണ് ഞങ്ങളുടെ തോൽവിക്ക് കാരണം, അത് ഫീൽഡിൽ ഞങ്ങളെ തളർത്തി

ലോകത്തിലെ തന്നെ ഏറ്റവും നല്ല ബിരിയാണികളിൽ ഒന്നായിട്ടാണ് ഹൈദരാബാദ് ബിരിയാണി അറിയപ്പെടുന്നത്. ഇപ്പോഴിതാ ഹൈദരാബാദ് ബിരിയാണിയെ കുറിച്ച് പാകിസ്ഥാൻ താരം ഷദാബ് ഖാൻ രസകരമായ ഒരു പ്രസ്താവന നടത്തി രംഗത്ത് വന്നിരിക്കുന്നു. ഐസിസി ലോകകപ്പ് 2023 ന് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരായ പാകിസ്ഥാൻ തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് ഷദാബ് പ്രസ്താവന നടത്തി എത്തിയിരിക്കുന്നത്.

ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 14 റൺസിനാണ് ഓസീസ് വിജയിച്ച് കയറിയത്. ഓസ്ട്രേലിയ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാൻറെ പോരാട്ടം 337 റൺസിൽ അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 351 റൺസെടുത്തത്. ഓസ്‌ട്രേലിയ്ക്കായി ഗ്ലെൻ മാക്സവെൽ (71 പന്തിൽ 77), കാമറൂൺ ഗ്രീൻ (40 പന്തിൽ 50) എന്നിവർ അർധ സെഞ്ചുറി നേടി.

പാകിസ്ഥാൻ മറുപടി തകർച്ചയോടെ ആയിരുന്നെങ്കിലും പിന്നീട് മനോഹരമായി അവർ തിരിച്ചെത്തി. 90 റൺസ് നേടിയ ബാബർ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. തോൽവിക്ക് പിന്നാലെ ആയിരുന്നു പാകിസ്താന്റെ സ്റ്റാൻഡിങ് നായകൻ ഷദാബ് പ്രതികരണം നടത്തിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

“ഞങ്ങൾ ദിവസവും ഹൈദരാബാദി ബിരിയാണി കഴിക്കുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഫീൽഡിൽ അൽപ്പം മന്ദഗതിയിലായത്. മറ്റൊന്നുമല്ല ഞങ്ങൾ തോൽക്കാൻ കാരണം ” അദ്ദേഹം പറഞ്ഞു. എന്തായാലും നായകൻറെ മറുപടി വൈറലായിട്ടുണ്ട്.

ബാബർ പരിക്കേറ്റ് പുറത്തായത് ടീമിനെ തളർത്തി. ഇഫ്തിക്കർ അഹമ്മദ് (83), മുഹമ്മദ് നവാസ് (50) എന്നിവരും തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത് ലാബുഷൈൻ ബൗളിംഗിലും തിളങ്ങി.