ഒരൊറ്റ ജയം, 19 റണ്‍സ്‌ കൂടി മതിയാകും ; രോഹിത്‌ ശര്‍മ്മയെ രണ്ടാം ടി20 മത്സരത്തില്‍ മറ്റൊരു റെക്കോഡ്‌ കാത്തിരിക്കുന്നു

ശ്രീലങ്കയ്‌ക്ക്‌ എതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ട്വന്റി20 റണ്‍സ്‌ നേടിയതിന്റെ റെക്കോഡ്‌ പേരിലാക്കിയ രോഹിത്‌ ശര്‍മ്മയെ രണ്ടാം ടിട്വന്റി മത്സരത്തില്‍ മറ്റൊരു റെക്കോഡ്‌ കാത്തിരിക്കുന്നു. രണ്ടാം മത്സരം ജയിച്ചാല്‍ നാട്ടില്‍ ഏറ്റവും കുടുതല്‍ ട്വന്റി20 മത്സരം ജയിപ്പിച്ച നായകന്‍ എന്ന പദവിയാകും താരത്തെ തേടിവരിക.. ഇന്നത്തെ മത്സരം കൂടി ജയിക്കാനായാല്‍ നാട്ടില്‍ താന്‍ നയിച്ച 16 മത്സരങ്ങളില്‍ 15 ലും ടീമിനെ ജയിപ്പിച്ച നായകന്‍ എന്ന നേട്ടമാകും രോഹിതിന്റെ കിരീടത്തില്‍ എത്തുക. ഈ നേട്ടം കയ്യാളുന്ന ന്യൂസിലന്റിന്റെ കെയ്‌ന്‍ വില്യംസണെയും ഇംഗ്‌ളണ്ടിന്റെ ഇയാന്‍ മോര്‍ഗനേയുമാകും പിന്നിടുക.

ഇന്ത്യന്‍ നായകന്മാരില്‍ വിരാട്‌ കോഹ്ലിയേക്കാള്‍ രണ്ടു വിജയവും ധോണിയേക്കാള്‍ അഞ്ചുവിജയവും കുടുതലാകും രോഹിതിന്‌. ടി20 നായകനായി രോഹിതിന്‌ കീഴില്‍ ഇന്ത്യ 24 മത്സരങ്ങളാണ്‌ കളിച്ചത്‌. അതില്‍ 22 മത്സരങ്ങളിലും വിജയം നേടാന്‍ രോഹിതിനായി. തുടര്‍ച്ചയായി 11 ാം വിജയത്തിലേക്ക്‌ നീങ്ങുന്ന രോഹിതിന്‌ കീഴില്‍ ഇന്ത്യ ഇന്നത്തെ കളി ജയിച്ചാല്‍ മൂന്നാം പരമ്പരയാകും പിടിക്കുക. മൂന്ന്‌ ട്വന്റി20 മത്സരങ്ങളാണ്‌ ശ്രീലങ്കയ്‌ക്ക്‌്‌ എതിരേ ഇന്ത്യ കളിക്കുന്നത്‌. ഇന്നത്തെ മത്സരം ജയിച്ചാല്‍ ന്യൂസിലന്റ്‌, വെസ്‌റ്റിന്‍ഡീസ്‌ എന്നിവര്‍ക്ക്‌ പിന്നാലെ ശ്രീലങ്കയ്‌ക്ക്‌ എതിരേയുള്ള പരമ്പരയും രോഹിതിന്റെ കൈവശം എത്തും.

2021 നവംബറില്‍ മുഴുവന്‍ സമയ നായകനാക്കിയ ശേഷം രോഹിതിന്‌ കീഴില്‍ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ മൂന്നാം പരമ്പരയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഇതിന്‌ പുറമേ 19 റണ്‍സ്‌ കൂടി നേടിയാല്‍ ട്വന്റി20 നായകനായി 1000 റണ്‍സും താരം തികയ്‌ക്കും. ഇക്കാര്യത്തില്‍ പാകിസ്‌താന്‍ നായകന്‍ ബാബര്‍ അസമിന്റെ റെക്കോഡിനൊപ്പമാകും രോഹിതും. അതേസമയം തന്റെ 26 ാമത്തെ ഇന്നംഗ്‌സില്‍ 44 റണ്‍സിന്‌ വീണതാണ്‌ ഈ റെക്കോഡിന്‌ ഒപ്പമെത്താന്‍ താരത്തിന്‌ കഴിയാതെ പോകാന്‍ കാരണം. 1000 റണ്‍സ്‌ നേട്ടം വേഗത്തില്‍ കൊയ്യുന്ന നായകനായി രോഹിത്‌ മാറിയാല്‍ പിന്നിലാകുന്നത്‌ വിരാട്‌ കോ്‌ഹ്ലിയാണ്‌. കോഹ്ലി നായകനായി 30 ഇന്നിംഗ്‌സ്‌ കളിച്ചപ്പോഴാണ്‌ 100 അന്താരാഷ്‌ട്ര ട്വന്റി20 റണ്‍സില്‍ എത്തിയത്‌. ധോണിയാണ്‌ ഇക്കാര്യത്തില്‍ ഇഴയുന്ന നായകന്‍. 57 ഇന്നിംഗ്‌സാണ്‌ 1000 റണ്‍സ്‌ തികയ്‌ക്കാന്‍ അദ്ദേഹത്തിന്‌ വേണ്ടി വന്നത്‌.