ഏകദിന ലോകകപ്പ്: 'ഇന്ത്യ ഫൈനലില്‍ തോല്‍ക്കും'; ജേതാക്കളെ പ്രവചിച്ച് ആന്‍ഡേഴ്‌സണ്‍

2023 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയും ജേതാക്കളെയും പ്രവചിച്ച് വെറ്ററന്‍ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളെയാണ് ആന്‍ഡേഴ്സണ്‍ തിരഞ്ഞെടുത്തത്. ഒപ്പം ഇംഗ്ലണ്ട് ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തുമെന്നും ആന്‍ഡേഴ്‌സണ്‍ പ്രവചിച്ചു.

ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരായിരിക്കും സെമി ഫൈനലിസ്റ്റുകള്‍. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ശക്തമാണ്, അവര്‍ക്ക് പന്തില്‍ നല്ല ഓപ്ഷനുകളുണ്ട്. ന്യൂസിലന്‍ഡിനെപ്പോലെ പാകിസ്ഥാന്‍ അടുത്തുവരുമെങ്കിലും ഇരുവര്‍ക്കും സെമിയില്‍ സ്ഥാനം നഷ്ടമാകും. ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത് എനിക്ക് കാണാന്‍ കഴിയും- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഒക്ടോബര്‍ 5 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ സീസണ്‍ ഓപ്പണറില്‍ ടോം ലാഥം നയിക്കുന്ന ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് ടീം പരാജയപ്പെട്ടിരുന്നു. അതേസമയം തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.

ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുകയാണ്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരം ജയിക്കേണ്ടത് ഇംഗ്ലണ്ടിന്റെ അഭിമാന പ്രശ്‌നമാണ്.