ഏകദിന ലോകകപ്പ്: 'ഇന്ത്യ ഭീരുക്കള്‍, പാകിസ്ഥാനെ നേരിടാന്‍ ഭയം'; ആഞ്ഞടിച്ച് അബ്ദുള്‍ റസാഖ്

ഇന്ത്യക്കെതിരേ പരിഹാസവുമായി പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. താന്‍ കളിച്ചിരുന്ന സമയത്തു ഇന്ത്യ വലിയ ഭീരുക്കളായിരുന്നുവെന്നും പാകിസ്ഥാന്‍ ടീമുമായി ഏറ്റുമുട്ടാന്‍ പോലും ഇന്ത്യ ഭയപ്പെട്ടിരുന്നുവെന്നും റസാഖ് പറഞ്ഞു.

ഞാന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ പാകിസ്ഥാന്‍ വളരെ ശക്തരായിരുന്നു. ഇന്ത്യക്കെതിരേ വ്യക്തമായ ആധിപത്യം അന്നു പുലര്‍ത്തുകയും ചെയ്തിരുന്നു. ആ സമയത്തു പാകിസ്ഥാന്‍ ടീമിനെ ഇന്ത്യ വളരെയധികം ഭയപ്പെട്ടിരുന്നു.

അവര്‍ അന്നു വലിയ ഭീരുക്കളായിരുന്നു. ഇതു കാരണം ഞങ്ങളോടു കളിക്കാന്‍ തയ്യാറാവാതെ പേടിച്ചോടുകയും ചെയ്തു. കാരണം ഞങ്ങള്‍ ഇന്ത്യക്കെതിരേ ആ കാലത്തു വളരെയധികം ആധിപത്യം പുലര്‍ത്തിയിരുന്നു. ഏകപക്ഷീയമായ മല്‍സരങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു റസാഖ് പറഞ്ഞു.

ലോകകപ്പില്‍ ഇത്തവണ പാകിസ്താന്‍ ടീം സെമി ഫൈനലില്‍ കളിക്കുമോയെന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കവെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യക്കെതിരേ റസാഖ് ആഞ്ഞടിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇത്തവണ പാകിസ്ഥാനെതിരെ കളിച്ചപ്പോള്‍ ഇന്ത്യ വമ്പന്‍ ജയം നേടിയിരുന്നു.