ആ തോല്‍വിയ്ക്ക് ശേഷം കരഞ്ഞോ?; പ്രതികരണവുമായി ധോണി

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന 2019 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായതിന് ശേഷം മഹേന്ദ്ര സിംഗ് ധോണി കുട്ടികളെപോലെ കരഞ്ഞെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ അടുത്തിടെ രംഗത്തുവന്നിരുന്നു. മത്സരത്തില്‍ 240 റണ്‍സ് പിന്തുടരുന്നതിനിടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍, മാര്‍ട്ടിന്‍ ഗപ്ടിലിന്റെ പന്തില്‍ റണ്ണൗട്ടാകുന്നതിന് മുമ്പ് ധോണി ഉറച്ചുനിന്നു അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. രവീന്ദ്ര ജഡേജയും 77 റണ്‍സ് നേടിയെങ്കിലും ഇന്ത്യ 18 റണ്‍സിന് വീണു. ഇപ്പോഴിതാ ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് ധോണി.

വിജയത്തിന് അടുത്തെത്തി കളി തോല്‍ക്കുമ്പോള്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്നു വരില്ല. മത്സരങ്ങളില്‍ എന്തു ചെയ്യണമെന്ന പദ്ധതികളുമായാണു ഞാന്‍ കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ ജഴ്‌സിയില്‍ അത് എന്റെ അവസാന മത്സരമായിരുന്നു. ഇനി രാജ്യത്തിനു വേണ്ടി ഇറങ്ങാന്‍ സാധിക്കില്ലല്ലോ എന്ന സങ്കടം എനിക്കുണ്ടായിരുന്നു. ആ സമയത്ത് നമ്മള്‍ ഉറപ്പായും വൈകാരികമായി പ്രതികരിച്ചുപോകും- ധോണി ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.

‘അന്ന് ധോണി പോലും കുട്ടികളെപ്പോലെ കരയുകയായിരുന്നു’; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച്

ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ഈ വര്‍ഷത്തെ ലോകകപ്പ് ഏറ്റുമുട്ടലിനിടെയാണ് 2019 സെമി ഫൈനല്‍ എല്ലാവരുടെയും ഹൃദയഭേദകമായ നിമിഷമാണെന്ന് ബംഗാര്‍ ഓര്‍മപ്പെടുത്തിയത്. ധോണിയും മറ്റ് കളിക്കാരും ഡ്രസിംഗ് റൂമില്‍ കുട്ടികളെപ്പോലെ കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ ആ ഒരു പുറത്താകല്‍ എല്ലാ കളിക്കാര്‍ക്കും ഹൃദയഭേദകമായ നിമിഷമായിരുന്നു. ഞങ്ങള്‍ ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ ജയിച്ചു, അങ്ങനെ തോറ്റത് നല്ലതായിരുന്നില്ല.

കളിക്കാര്‍ കുട്ടികളെപ്പോലെ കരഞ്ഞു. എംഎസ് ധോണി പോലും കൊച്ചു കുട്ടിയെപ്പോലെ കരയുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തിന്റെ കണ്ണുകളില്‍ കണ്ണുനീര്‍ ഉണ്ടായിരുന്നു. അത്തരം കഥകള്‍ ഡ്രസ്സിംഗ് റൂമില്‍ അവശേഷിക്കുന്നു- ബംഗാര്‍ പറഞ്ഞു.