ഏകദിന ലോകകപ്പ്: വന്നവരും പോയവരും നിന്നവരും എല്ലാം അടി, കോഹ്‌ലിക്ക് പിന്നാലെ അയ്യരിനും സെഞ്ച്വറി, ഇന്ത്യക്ക് കൂറ്റൻ സ്കോർ; ഉത്തരമില്ലാതെ കിവി ബോളർമാർ

ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവർ അവസാനിക്കുമ്പോൾ കിവീസിന് എതിരെ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 397 റൺസ്. വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ സെഞ്ച്വറി മികവിലാണ് ഇന്ത്യ വമ്പൻ സ്‌കോറിൽ എത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത് ശർമ്മയുടെ തീരുമാനം ശരിയാക്കുന്ന കാഴ്ചയാണ് കണ്ടത്.

ടോസ് മുതൽ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലം ആയിരുന്നു. മനോഹരമായ തുടക്കമാണ് രോഹിത്- ഗിൽ സഖ്യം ഇന്ത്യക്കായി നൽകിയത്. രോഹിത് ആയിരുന്നു കൂടുതൽ ആക്രമണകാരി. 47 റൺ എടുത്ത രോഹിത് പുറത്തായ ശേഷം ഗിൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കോഹ്‌ലിയുമായി ചേർന്ന് ഇന്ത്യൻ സ്കോർ ബോർഡ് അദ്ദേഹം ഉയർത്തി.

എന്നാൽ പരിക്ക് കാരണം ഗിൽ 65 പന്തിലാണ് 79 റൺ നേടി റിട്ടയേർഡ് ഹർട്ട് ആയി മടങ്ങി. ശേഷം ആക്രമണ ഉത്തരവാദിത്വം ശ്രേയസ് ഏറ്റെടുത്തു. കുറച്ചുസമയത്തിന് ശേഷം കോഹ്‌ലിയും ചാർജായി. അതോടെ ഇന്ത്യ ടോപ് ഗിയറിലെത്തി. അതിനിടയിൽ ആയിരുന്നു കോഹ്‌ലി വമ്പൻ നേട്ടത്തിൽ എത്തിയത്. ഗാലറിയിൽ സാക്ഷാൽ സച്ചിനെയും ഭാര്യ അനുഷ്കയെയും സാക്ഷി ആക്കി നേട്ടത്തിലേക്ക് കോഹ്‌ലി എത്തുമ്പോൾ ഗാലറി പൊട്ടിത്തെറിച്ചു. 106 പന്തിലാണ് സെഞ്ച്വറി നേടി വിരാട് ചരിത്രത്തിന്റെ ഭാഗമായത്. 291 മത്സരത്തിൽ നിന്നാണ് കോഹ്‌ലി 50 സെഞ്ച്വറി എന്ന അതുല്യ നേട്ടത്തിൽ എത്തിയത്. കോഹ്‌ലി 113 പന്തിൽ 117 റൺസ് നേടി പുറത്തായതിന് ശേഷവും അയ്യർ ആക്രമണം തുടർന്നു. മികച്ച ഫോം തുടരുന്ന അയ്യരും അധികം വൈകാതെ സെഞ്ച്വറി നേടി. 70 പന്തിൽ 105 റൺ നേടിയ ശേഷമാണ് അയ്യർ പുറത്തായത്.

സ്കോർ ഉയർത്താനുള്ള ശ്രമത്തിൽ സൂര്യകുമാർ 1 പുറത്തായ ശേഷം ഗിൽ കളത്തിൽ ഇറങ്ങിയത് ഇന്ത്യൻ പ്രേമികൾക്ക് ആശ്വാസമായി. എന്നാൽ അവസാന ഓവറിൽ ഗില്ലിനെ കാഴ്ചക്കാരനായി രാഹുൽ 39 ( 20 ) നടത്തിയ വെടിക്കെട്ടിൽ ഇന്ത്യ വമ്പൻ സ്‌കോറിൽ എത്തി. കിവീസിനായി സൗത്തീ മൂന്നും ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി.